ഡി.ജി.പിയുടെ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രി വിശദീകരണം നൽകണം -പോപുലര്‍ ഫ്രണ്ട്
text_fieldsകോഴിക്കോട്: കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായി മാറുന്നുവെന്ന വിവാദ പ്രസ്താവനയില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തത വരുത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ. മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് പറയുന്ന ഡി.ജി.പി ജനങ്ങളെ സംശയത്തിൻെറ നിഴലിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അത്തരം സാഹചര്യമുണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തി വിശദാംശങ്ങള്‍ വ്യക്തമാക്കേണ്ട ഉത്തരവാദിത്വവും ഡി.ജി.പിക്കുണ്ട്. അത്തരക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടേണ്ടതും പൊലീസ് മേധാവി തന്നെയാണ്. ഇതൊന്നും പറയാതെ ഒരു സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തുന്ന പരാമര്‍ശം നടത്തിയല്ല സംസ്ഥാന പൊലീസ് മേധാവി പടിയിറങ്ങേണ്ടത്. സ്ഥാനമൊഴിയുമ്പോള്‍ എങ്ങുംതൊടാതെയുള്ള കേവലമൊരു പ്രസ്താവനയല്ല ഡി.ജി.പി നടത്തേണ്ടിയിരുന്നത്.
എവിടെനിന്നും എത്രപേരെ ഭീകരസംഘങ്ങള്‍ റിക്രൂട്ട്‌മെൻറ് നടത്തിയിട്ടുള്ളതെന്ന് ഡി.ജി.പി വ്യക്തമാക്കണം. വിദ്യാസമ്പന്നരായ എത്രപേരാണ് ഇവരുടെ വലയിലായതെന്നും സമൂഹത്തോട് പറയണം. അത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാറിൻെറയും ആഭ്യന്തരവകുപ്പിൻെറയും വീഴ്ചയാണ്. അതിനെ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നത് ആഭ്യന്തരവകുപ്പിൻെറ വീഴ്ചകളെ മറച്ചുവയ്ക്കുന്നതിനാണ്.
താൻ ഇത്രയും കാലം സംരക്ഷിച്ച ഡി.ജി.പിയുടെ വെളിപ്പെടുത്തലുകൾക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയനും ഉത്തരവാദിത്വമുണ്ട്. ഡി.ജി.പി ഉന്നയിച്ച കാര്യങ്ങൾക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയാറാവണമെന്നും അബ്ദുൽ സത്താർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.