പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് കേരളം
text_fieldsന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. ഡി.ജി.പിമാരുടെ വാർഷിക യോഗത്തിൽ വെച്ചാണ് കേരളത്തിന്‍റെ പൊലീസ് മേധാവിയായ ലോക് നാഥ് ബെഹ്റ ഈ ആവശ്യം ഉന്നയിച്ചത്. ജനുവരിയിൽ മധ്യപ്രദേശിൽ വെച്ച് നടന്ന യോഗത്തിൽ പോപുലർ ഫ്രണ്ടിന്‍റെ വളർച്ചയേയും പ്രവർത്തനങ്ങളേയും കുറിച്ച് ബെഹ്റ വിശദമായിത്തന്നെ സംസാരിച്ചതായും ദേശീയ ദിനപത്രമായ 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങും പങ്കെടുത്ത യോഗത്തിൽ രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇവിടെ വെച്ച് പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ശക്തമായിത്തന്നെ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കേന്ദ്രം പരിശോധിച്ചുവരികയാണെന്നും കിരൺ റിജിജു അറിയിച്ചു. എന്നാൽ ഹിന്ദു ലേഖികയോട് ഈ വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ ലോക്നാഥ് ബെഹ്റ തയറായില്ല.
പോപുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ട നാല് കേസുകൾ ചൂണ്ടിക്കാട്ടിയാണ് ബെഹ്റ ഈ സംഘടന നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്തായാലും സംഘടനക്കെതിരെയുള്ള തെളിവുകളും വസ്തുതകളും പരിശോധിച്ചശേഷം മാത്രമേ നിരോധനം നിലവിൽ വരികയുള്ളൂ എന്ന് കേന്ദ്രആഭ്യന്ത്ര മന്ത്രാലയ വക്താവ് അറിയിച്ചതായും ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
ഡി.ജി.പിമാരുടെ സുപ്രധാന യോഗത്തിൽ ഏതെങ്കിലും ഒരു പ്രത്യേക സംഘടനയെക്കുറിച്ച് പരാമർശിക്കപ്പെടുന്നത് അസാധാരണമാണ്. ഇതിന് മുൻപ് സിമിയെക്കുറിച്ചും ഇന്ത്യൻ മുജാഹിദീനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതെല്ലാം ഈ സംഘടനകൾ നിരോധിച്ചതിനുശേഷം മാത്രമായിരുന്നുവെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.