മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്ന് ജനകീയ തിരച്ചിൽ
text_fieldsതിരുവനന്തപുരം: ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്ന് ജനകീയ തിരച്ചിൽ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ നടത്തുക.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറുമേഖലകളിലായി തിരിക്കും. ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ ഇവിടെയെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റു തിരച്ചില്‍ സംഘങ്ങളുടെയും കൂടെയാകും ഇവരെ ദുരന്തസ്ഥലങ്ങളിലേക്ക് അയക്കുക. പ്രദേശത്തുനിന്ന് കാണാതായ 131 പേർക്കായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാനായി സാധനങ്ങള്‍ ശേഖരിച്ച് ഇനി അയക്കേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിന്‍റെ ഭാഗമായി വയനാട്ടിലെ കലക്ഷന്‍ സെന്‍ററില്‍ എത്തിയ ഏഴ് ടണ്‍ തുണി ഉപയോഗിച്ചു പഴകിയതായിരുന്നു. ഉപകരിക്കാന്‍ ചെയ്തതാകാമെങ്കിലും ഇത് ഫലത്തില്‍ ഉപദ്രവകരമാവുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായമാണ് ഇനിവേണ്ടത്. ഇതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയോ കലക്ടറേറ്റുകളില്‍ ചെക്ക് / ഡ്രാഫ്റ്റ് മുഖേനയോ നല്‍കാൻ സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.