വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ; സ്ക്രീൻ റെക്കോഡറിലെ സ്കൂളും പോസ്റ്റ് ഇട്ടവരെയും തിരിച്ചറിഞ്ഞു
text_fieldsമലപ്പുറം: വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സ്ക്രീൻ റെക്കോഡറിലെ സ്കൂളും പോസ്റ്റ് ചെയ്തവരെയും തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളാണിതെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചു.
സ്ക്രീൻ റെക്കോഡറിൽ കാണുന്ന നമ്പറുകളിലേക്ക് ദിവസവും പലയിടങ്ങളിൽനിന്നും കാളുകളും അശ്ലീല സന്ദേശങ്ങളും വരുന്നതായി അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
ഇവർക്കെതിരെ കർശന നടപടിക്ക് ചൈൽഡ് ലൈൻ നിയമപാലകരുടെ സഹായം തേടും. രക്ഷിതാവെന്ന് കരുതുന്നയാളാണ് ഗ്രൂപ്പിൽ വിഡിയോ ഇട്ടത്. തുടർന്ന് അധ്യാപകരും മറ്റു രക്ഷിതാക്കളും ഇത് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ശബ്ദസന്ദേശങ്ങളടങ്ങിയ സ്ക്രീൻ റെക്കോഡ് വ്യാപകമായി പ്രചരിച്ചു.
അശ്ലീല വിഡിയോയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നമ്പറും ഇതിൽ വ്യക്തമാണ്. ഈ ഗ്രൂപ് തന്നെ ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻ റെക്കോഡറിൽ കാണുന്ന നമ്പറുകളിലേക്ക് സാമൂഹികവിരുദ്ധർ അശ്ലീല വിഡിയോകളും ചിത്രങ്ങളും അയക്കുന്നതും വിളിക്കുന്നതും തുടർന്നു.
സ്ത്രീകളുടെ ഫോണുകളിലാണ് ഏറ്റവുമധികം വരുന്നതെന്നും നമ്പർ പോലും മാറ്റേണ്ട അവസ്ഥയായിട്ടുണ്ടെന്നും ഇവർ പറയുന്നു. ഓൺലൈൻ ക്ലാസുകളിലും വാട്സ്ആപ് ഗ്രൂപ്പിലും നുഴഞ്ഞുകയറി നഗ്നതാപ്രദർശനം നടത്തുകയും അശ്ലീല വിഡിയോകളും ചിത്രങ്ങളും അയക്കുകയും ചെയ്ത മറ്റു രണ്ട് സംഭവങ്ങളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
കുറ്റിപ്പുറം, വേങ്ങര പൊലീസ് സ്റ്റേഷനുകളിലാണ് പോക്സോ, ഐ.ടി ആക്ട്, ഇന്ത്യൻ ശിക്ഷാനിയമങ്ങൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കുറ്റിപ്പുറത്തിന് സമീപത്തെ സ്കൂൾ അധികൃതരും വേങ്ങരയിലെ വിദ്യാർഥി സംഘടന ഭാരവാഹികളുമാണ് പരാതിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.