കുട്ടികൾക്ക് സുരക്ഷയേകാൻ പഞ്ചായത്തുതലം മുതൽ സംവിധാനം
text_fieldsകൊച്ചി: കുട്ടികൾക്കുനേരെയുള്ള അതിക്രമം തടയാൻ പഞ്ചായത്തുതലം മുതൽ സംവിധാനമൊരുക്കാൻ സംസ്ഥാന ബാലാവകാശ കമീഷെൻറ കർമപദ്ധതി. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഇൗ വർഷംതന്നെ ശിശുസംരക്ഷണ സമിതികൾ രൂപവത്കരിക്കും. കുട്ടികളുടെ പ്രശ്നങ്ങൾ പഞ്ചായത്തുതലത്തിൽത്തന്നെ കൈകാര്യം ചെയ്യാൻ ശാസ്ത്രീയ സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം (പോക്സോ) പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളും കമീഷന് മുന്നിലെത്തുന്ന പരാതികളും വർധിക്കുന്ന സാഹചര്യത്തിലാണ് എല്ലാ പഞ്ചായത്തിലും ശിശുസംരക്ഷണ സമിതി രൂപവത്കരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം ജില്ലയിലെ മയ്യനാട്, തൃശൂർ ജില്ലയിലെ കോലഴി പഞ്ചായത്തുകളിൽ രൂപവത്കരിച്ച ശിശുസംരക്ഷണ സമിതി ഫലപ്രദമായി പ്രവർത്തിച്ചുവരുന്നുണ്ട്. പഞ്ചായത്ത് പ്രസിഡൻറ്, സാമൂഹികനീതി-വനിത ശിശുസംരക്ഷണ വകുപ്പുകളുടെ ഇംപ്ലിമെൻറിങ് ഒാഫിസർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയിൽ പൊലീസിനെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തും.
കുട്ടികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കളും സ്കൂൾ അധികൃതരും സമിതിയെ അറിയിച്ച് തുടർനടപടികൾക്ക് അവസരമൊരുക്കണം. പ്രശ്ന പരിഹാരത്തിന് ആവശ്യമായ പദ്ധതികൾ സമിതി തയാറാക്കണം. ഇതോടെ, കമീഷൻ നേരിട്ട് കൈകാര്യം ചെയ്യേണ്ട പരാതികൾ ഗണ്യമായി കുറയുമെന്നാണ് കരുതുന്നത്.
കൂടുതൽ സങ്കീർണമായ കേസുകൾ കൈകാര്യം ചെയ്യാൻ ശിശുസംരക്ഷണ സമിതികൾക്ക് ആവശ്യമായ വിഭവങ്ങളും മറ്റ് സഹായങ്ങളും കമീഷൻ ഉറപ്പാക്കും. സാമ്പത്തികശേഷി കുറഞ്ഞ പഞ്ചായത്തുകൾക്ക് സംയോജിത ശിശുവികസന പദ്ധതി വഴി ധനസഹായം ലഭ്യമാക്കും. പ്രശ്നപരിഹാരത്തിന് ഒാരോ പഞ്ചായത്തിനും വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനും സംവിധാനമുണ്ട്.
കുട്ടികളുടെ സംരക്ഷണം സമൂഹത്തെ ഏൽപിക്കുകയാണ് ലക്ഷ്യം –കമീഷൻ ചെയർമാൻ
കൊച്ചി: കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തെ ഏൽപിച്ചുകൊടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് ഉൗന്നൽ നൽകുന്നതെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ സി.ജെ. ആൻറണി. ശിശുസംരക്ഷണ സമിതി പ്രവർത്തനങ്ങൾ പ്രധാനമായി ലക്ഷ്യമിടുന്നതും മുതിർന്നവരെയാണ്. കുട്ടികളെ ബഹുമാനിക്കുക എന്നത് മുതിർന്നവരുടെ രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമാകണം. പഞ്ചായത്തുതല പ്രവർത്തനങ്ങൾ സംബന്ധിച്ച് ആസൂത്രണ ബോർഡുമായി പ്രാഥമിക ചർച്ച പൂർത്തിയായെന്നും വിശദ കലണ്ടർ വൈകാതെ തയാറാകുമെന്നും ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.