പോക്സോ കേസിൽ പ്രതി; കോൺഗ്രസ് നേതാവിനെ പുറത്താക്കി
text_fieldsസുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത പശ്ചാത്തലത്തിൽ കുറ്റാരോപിതനായ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. വയനാട് ഡി.സി.സി അംഗവും സുൽത്താൻ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡൻറുമായ ഒ.എം. ജോർജിനെയാണ് പുറത്താക്കിയത്.
ജോർജിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പുറത്താക്കിയതായി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് പ്രസ്താവനയിൽ അറിയിച്ചു. പട്ടികവർഗ വിഭാഗത്തിലെ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ പ്രകാരമാണ് ബത്തേരി പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച ഉച്ചമുതല്‍ ഇദ്ദേഹം ഒളിവിലാണ്.
ഒന്നരവര്‍ഷമായി ജോര്‍ജ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ വീട്ടിൽവെച്ചും മറ്റുമാണ് പീഡിപ്പിച്ചത്. ഒരാഴ്ച മുമ്പ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ചൊവ്വാഴ്ച മീനങ്ങാടിയിലെ ജില്ല ശിശുക്ഷേമ സമിതി ‘തണലി’െൻറ ടോള്‍ഫ്രീ നമ്പറിലേക്ക് വിവരം ആരോ വിളിച്ചറിയിച്ചു. ഇതിെൻറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍, സംഭവത്തില്‍ കഴമ്പുണ്ടെന്ന് ശിശുക്ഷേമ സമിതി കണ്ടെത്തി. തുടര്‍ന്ന് ബത്തേരി പൊലീസിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തി ജോര്‍ജിനെതിരെ കേസെടുത്തത്.
ബലാത്സംഗം, പീഡനം, പട്ടികവര്‍ഗക്കാർക്കെതിരായ അതിക്രമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍. എസ്.എം.എസ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. അതേസമയം, സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ശ്രമം നടത്തിയതായി ആരോപണമുണ്ട്. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കേസ് ഒത്തുതീർക്കാൻ പണം തരാമെന്ന് ഇയാൾ പറഞ്ഞതായും പെണ്‍കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.