ആദിവാസി വിവാഹം പോക്സോ കേസുകള്‍ പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തം
text_fields
കല്‍പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ആചാരപ്രകാരം വിവാഹം ചെ്യതതിന് ആദിവാസി യുവാക്കള്‍ക്കെതിരെ പോക്സോ പ്രകാരമെടുത്ത കേസുകള്‍ പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമായി. പിരിച്ചുവിടപ്പെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകം പ്രത്യേക താല്‍പര്യമെടുത്താണ് പല കേസുകളിലും ആദിവാസി യുവാക്കള്‍ക്കെതിരെ, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോക്സോ) ചുമത്തിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക കേസുകളിലും ഇന്ത്യന്‍ ശിക്ഷാനിയമം 376ാം വകുപ്പ് പ്രകാരം ബലാത്സംഗത്തിനും കേസെടുത്തിരുന്നു. ഭാര്യമാര്‍ക്കൊപ്പം കഴിയുകയായിരുന്ന ഈ യുവാക്കളില്‍ മിക്കവര്‍ക്കുമെതിരെ തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളും ചാര്‍ത്തിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിച്ചാല്‍ പോക്സോയിലെ കഠിനവകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുമെന്ന് ഒരുവിധ ബോധവത്കരണവും നടത്താതെയാണ് പാവപ്പെട്ട ആദിവാസി യുവാക്കളെ ജയിലിലടച്ചിരുന്നതെന്ന് ആദിവാസി വിവാഹങ്ങളില്‍ പോക്സോ ചാര്‍ത്തുന്നതിനെതിരായ സമരസമിതിയുടെ കണ്‍വീനര്‍ ഡോ. പി.ജി. ഹരി ചൂണ്ടിക്കാട്ടി. വൈരാഗ്യബുദ്ധിയോടെയാണ് ഊ വിഷയത്തില്‍ അന്ന് സി.ഡബ്ള്യു.സി ഇടപെട്ടിരുന്നത്. ബോധവത്കരണം നടത്താതെ ഈ രീതിയില്‍ യുവാക്കളെ ജയിലില്‍ തള്ളുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ജയിലില്‍ കഴിയുന്നതും ഒരുതരം ബോധവത്കരണമാണ്’ എന്നായിരുന്നു മുന്‍ സി.ഡബ്ള്യു.സി ചെയര്‍മാന്‍െറ പരിഹാസരൂപത്തിലുള്ള മറുപടിയെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ അതേ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ആദിവാസി യുവാക്കളോട് കാട്ടിയ ഇരട്ട സമീപനം അന്വേഷിക്കണം. ഈ വിഷയത്തില്‍ സി.ഡബ്ള്യു.സി നടത്തിയ മുഴുവന്‍ ഇടപെടലുകളും അന്വേഷിക്കണമെന്നും ഡോ. ഹരി ആവശ്യപ്പെട്ടു.
ആദിവാസി ഗോത്രവിവാഹങ്ങളില്‍ യുവാക്കളെ പോക്സോ പോലുള്ള നിയമങ്ങള്‍ ചേര്‍ത്ത് ജയിലില്‍ അടക്കാന്‍ സി.ഡബ്ള്യു.സി ചെയര്‍മാനായിരുന്ന ഫാ. തോമസ് ജോസഫ് തേരകം കാട്ടിയ ഉത്സാഹം കൊട്ടിയൂര്‍ പീഡനക്കേസില്‍ എന്തുകൊണ്ടാണ് ഇല്ലാതിരുന്നതെന്നതിന് മറുപടി പറയണമെന്ന്് ആദിവാസി യുവാക്കളുടെ കൂട്ടായ്മയായ ‘ഗോത്ര’യുടെ ചെയര്‍മാന്‍ ബിജു കാക്കത്തോട് ആവശ്യപ്പെട്ടു. ഇരട്ടനീതി വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യധാരാ സമൂഹത്തെ സംരക്ഷിക്കാനാണ് എക്കാലവും നീതിന്യായ സംവിധാനങ്ങള്‍ ശ്രമിച്ചിട്ടുള്ളത്.
കേസുകളില്‍ പുനരന്വേഷണം അനിവാര്യമാണെന്നും ബിജു പറഞ്ഞു. ഫാ. തേരകം ചെയര്‍മാനായിരിക്കെ വയനാട് സി.ഡബ്ള്യു.സി മുന്‍കൈയെടുത്ത് ആദിവാസി വിവാഹങ്ങളില്‍ പോക്സോ ചാര്‍ത്തിയ കേസുകളില്‍ പുനരന്വേഷണം വേണമെന്ന് ലോക് ജനശക്തി ജില്ല കമ്മിറ്റിയും ആവശ്യമുന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.