തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയാൻ 'പോഷ്'
text_fieldsതിരുവനന്തപുരം: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് ഫലപ്രദമായി നടപ്പാക്കുന്നതിന് വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയൻസ് പോർട്ടൽ (http://posh.wcd.kerala.gov.in) പ്രവർത്തനസജ്ജമായി.
സ്ത്രീകൾക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കുന്നതും ഇതിന്മേലുള്ള മേൽനോട്ട സംവിധാനമായി പ്രവർത്തിക്കുകയുമാണ് പോഷ് കംപ്ലയന്റ്‌സ് പോർട്ടലിന്റെ ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനം നടപ്പാക്കുന്നത്.
പത്തിലധികം ജീവനക്കാരുള്ള സർക്കാർ, സർക്കാരിതര തൊഴിലിടങ്ങളിൽ ഒരു ഇന്റേണൽ കമ്മിറ്റി ഉണ്ടാകണം, ഈ കമ്മിറ്റി സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള കരുതൽ നടപടികൾ എടുക്കുകയും അതിക്രമം നടന്നാൽ പരിഹാരവും ശിക്ഷാനടപടികൾക്കുള്ള മാർഗങ്ങളും സ്വീകരിക്കുകയും അത് സ്ഥാപനമേധാവിയെ ധരിപ്പിക്കുകയും ചെയ്യണമെന്നാണ് നിയമം.
സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും ഇന്റേണൽ കമ്മിറ്റികൾ, മെംബർമാർ, നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ എന്നിവ പോഷ് കംപ്ലെയിന്റ്സ് പോർട്ടലിൽ അപ് ലോഡ് ചെയ്യണം. ഇതിലൂടെ ഏതൊക്കെ സ്ഥാപനങ്ങളിൽ നിലവിൽ ഇന്റേണൽ കംപ്ലയന്റ്‌സ് കമ്മിറ്റികളില്ല എന്ന് കണ്ടെത്താൻ സാധിക്കും. അതോടൊപ്പം ഈ സമിതികളും അവയുടെ പ്രവർത്തനങ്ങളും സംബന്ധിച്ച കൃത്യമായ വിവര ശേഖരണം നടത്താനും സാധിക്കും. ഇങ്ങനെ സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ഇന്റേണൽ കംപ്ലയന്റ്‌സ് കമ്മിറ്റികളുടേയും പ്രവർത്തനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും വനിത ശിശുവികസന വകുപ്പിന് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.