നൂറ്റിനാലിന്റെ പോസിറ്റിവിറ്റി; ജാനകിയമ്മ നെഗറ്റിവായി വീട്ടിലേക്ക്
text_fieldsപയ്യന്നൂർ: കോവിഡ് മഹാമാരിയെ തോൽപിച്ച പ്രായം ചെന്ന വനിതകളിൽ 100 വയസ്സ് പിന്നിട്ട ഒരാൾകൂടി. 104 വയസ്സുള്ള പയ്യന്നൂർ അന്നൂർ സ്വദേശിനി ജാനകിയാണ് രോഗമുക്തയായി വെള്ളിയാഴ്ച രാവിലെ 10.30ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. കണ്ണൂർ ജില്ലയിലെ കോവിഡ് രോഗമുക്തയാകുന്ന ഏറ്റവും പ്രായം ചെന്നയാളാണ് ജാനകി. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുന്ന കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നും കോവിഡ് രോഗമുക്തി നേടിയ പ്രായം കൂടിയ വ്യക്തിയും ഇവർ തന്നെയാണ്.
നേരത്തേ, കോവിഡ് ആദ്യഘട്ടത്തിൽ 110 വയസ്സുകാരിയായ മലപ്പുറം സ്വദേശിനിയും 105 കാരിയായ കൊല്ലം അഞ്ചൽ സ്വദേശിനിയും രോഗമുക്തി നേടിയിരുന്നു. 65 വയസ്സിന് മുകളിലുള്ളവർ ഹൈ റിസ്ക് കാറ്റഗറിയിലാണെന്നിരിക്കെയാണ് ഇവർ 11 ദിവസത്തെ ചികിത്സയിൽ രോഗമുക്തി നേടിയത്.
ഓക്സിജെൻറ അളവ് കുറഞ്ഞ് കടുത്ത ശ്വാസതടസ്സം നേരിട്ടതിനാൽ തളിപ്പറമ്പ് കോവിഡ് കേന്ദ്രത്തിൽ നിന്ന് മേയ് 31 നാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് കോവിഡ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ അഞ്ചിന് നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റിവായി.
തുടർന്ന് ഏഴുദിവസത്തെ ചികിത്സകൂടി കഴിഞ്ഞാണ് ഡിസ്ചാർജായത്. ജാനകിയെ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. അജിത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. എസ്. രാജീവ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവർ ചേർന്നാണ് യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.