ഇന്നും പ്രതിഷേധം കനക്കും; സംഘർഷ സാധ്യത, കരിദിനവുമായി കോൺഗ്രസ്
text_fieldsതിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായതിനു പിന്നാലെ, ഇന്നലെ രാത്രി മുതൽ ആരംഭിച്ച വ്യാപക പ്രതിഷേധവും സംഘർഷവും ഇന്നും തുടരാൻ സാധ്യത. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോൺഗ്രസ് കരിദിനം ആചരിക്കുന്നുണ്ട്.
ഇന്നലെ വൈകുന്നേരം വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രിതിഷേധിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായാണ് സംഘർഷങ്ങളുണ്ടായത്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് സംഘർഷമുണ്ടായത്. പലയിടത്തും കോൺഗ്രസ്-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
രാത്രി ഏഴരയോടെ മുതിർന്ന നേതാവ് എ.കെ. ആന്റണി ഓഫിസിൽ ഉണ്ടായിരുന്നപ്പോഴാണ് ഒരു സംഘം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തിരുവനന്തപുരത്ത് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനു നേരെ അക്രമം അഴിച്ചുവിട്ടത്. കാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും തകർത്തു. അക്രമവുമായി സി.പി.എം മുന്നോട്ടുപോയാൽ പ്രതിരോധിക്കേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാർട്ടി ആസ്ഥാനത്തിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച കരിദിനം ആചരിക്കുന്നത്.
ഇന്നലെ രാത്രി തന്നെ കണ്ണൂരിൽ കോൺഗ്രസ് ജില്ല കമ്മിറ്റി ഓഫിസിനു നേരെ രാത്രി അക്രമമുണ്ടായി. തലശ്ശേരി, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി എന്നിവിടങ്ങളിലും അക്രമമം അരങ്ങേറി. കാസർകോട് പിലിക്കോട്, കോഴിക്കോട് നൊച്ചാട്, പത്തനംതിട്ടയിലെ മല്ലപ്പള്ളി, അടൂർ, തിരുവനന്തപുരം പൗഡിക്കോണം, കൊല്ലം ചവറ, പന്മന എന്നിവിടങ്ങളിലും കോൺഗ്രസ് ഓഫിസിന് നേരെ അക്രമമുണ്ടായി. ഇടുക്കി ഡി.സി.സി പ്രസിഡന്റിന്റെ വാഹനത്തിന് നേരെ തൊടുപുഴയിൽ കല്ലേറും ഉണ്ടായി.
അതീവ ജാഗ്രതക്ക് ഡി.ജി.പിയുടെ നിർദേശം
സി.പി.എം-കോൺഗ്രസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി അതീവ ജാഗ്രതക്ക് ഡി.ജി.പിയുടെ നിർദേശം. പരമാവധി പൊലീസുകാരെ വിന്യസിക്കാനാണ് നിർദേശം. പൊലീസ് ആസ്ഥാനത്തിന്‍റെ സുരക്ഷയും വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.