കരുതൽ കൈവിടരുതേ...
text_fieldsഒരു വർഷമാകുന്നു കോവിഡ് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ തുടങ്ങിയിട്ട്. അതിനിടെ ഓണവും വിഷുവും പെരുന്നാളും ഈസ്റ്ററും വന്നുപോയി. ജനാധിപത്യത്തിെൻറ ഉത്സവമായ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി. കൂടുതൽ പേരുമായി അടുത്തിടപഴകാനും കണ്ടുമുട്ടാനും തെരഞ്ഞെടുപ്പ് കാരണമാകും. കോവിഡ് വന്നുപോകട്ടെ, അല്ലെങ്കിൽ എനിക്കൊക്കെ വന്നുപോയിക്കാണും എന്ന ചിന്തയാണ് പലരിലും. നൂലിഴ വ്യത്യാസത്തിൽ കോവിഡ് പരിധിക്ക് നിൽക്കുന്നവരും ഏറെ. എന്നാൽ, കോവിഡ് അത്ര സുഖമുള്ള അസുഖമല്ലെന്ന് പലരും വായിച്ചും കേട്ടും അറിഞ്ഞുകാണും. നെഗറ്റിവായെങ്കിലും വലിയൊരു വിഭാഗത്തിന് മാസങ്ങൾക്കു ശേഷവും പൂർണ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് പോസിറ്റിവായിരുന്നപ്പോൾ ഇല്ലാതിരുന്ന പലവിധ ബുദ്ധിമുട്ടുകൾ നെഗറ്റിവായതോടെ തുടങ്ങി. ചിലരിൽ മരണത്തിനുവരെ കാരണവുമായി.
കരുതൽ കൈവിടാതെ കാത്തിരിക്കണം
നെഗറ്റിവായശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ശാരീരിക വ്യായാമത്തിനും ഇറങ്ങിയവർ ഒന്നു ശ്രദ്ധിക്കൂ. നെഗറ്റിവായ ശേഷവും നീണ്ടുനിൽക്കുന്ന മാനസിക ശാരീരിക ആരോഗ്യപ്രശ്നങ്ങൾ പുതിയ വെല്ലുവിളിയാണ്. നെഗറ്റിവായവരിൽ വൈറസ് ഇല്ലെങ്കിലും വൈറസ് ബാധയേറ്റ അവയവങ്ങൾക്ക് അവശത നേരിടാൻ സാധ്യതയുണ്ട്.
ശ്വാസകോശം, വൃക്ക, ഹൃദയം തുടങ്ങിയവയിൽ വൈറസ്മൂലമുണ്ടായ വ്യതിയാനം മാറാൻ സമയമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതിനാൽ, കോവിഡ് മുക്തരായാലും കരുതൽ കൈവിടരുത്. വെയിലും മഴയുംകൊണ്ട് നടക്കുന്നതും കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതുമെല്ലാം ആരോഗ്യ പ്രശ്നങ്ങളുടെ ആക്കം കൂട്ടും.
ലോങ് കോവിഡ്
രോഗശേഷമുള്ള അസ്വസ്ഥതകളെ പോസ്റ്റ് കോവിഡ്-19 സിൻഡ്രോം അഥവാ ലോങ് കോവിഡ് എന്നാണ് വിളിക്കുന്നത്. ക്ഷീണം, തളർച്ച, ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ, ഒറ്റപ്പെടൽ, ശ്വാസതടസ്സം, ഓർമക്കുറവ്, സന്ധിവേദന തുടങ്ങിയവയാണ് പൊതുവെ കാണുന്ന ആരോഗ്യപ്രശ്നങ്ങൾ. മുമ്പ് സാർസ് രോഗം ഭേദമായവർക്കും ദീർഘകാലം ആരോഗ്യപ്രശ്നങ്ങളുണ്ടായതായി ചില പഠനങ്ങൾ പറയുന്നു. ആഴ്ചകളോ മാസങ്ങളോ നീളാം അസ്വസ്ഥതകൾ.
പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ
കോവിഡ് മുക്തി നേടിയവരുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നതിനും തുടർചികിത്സക്കും സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുടങ്ങിയിട്ടുണ്ട്. എല്ലാ പ്രാഥമിക, സാമൂഹിക, കുടുംബാരോഗ്യകേന്ദ്രങ്ങളിലും ക്ലിനിക്കുകൾ ഉണ്ടാകും.
താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും റഫറൽ ക്ലിനിക്കുകളും പ്രവർത്തിക്കും. ആവശ്യമുള്ളവർക്ക് ടെലിമെഡിസിൻ സൗകര്യവും ലഭിക്കും. കോവിഡ് നെഗറ്റിവ് ആയശേഷവും അവശതയും ക്ഷീണവും നീണ്ടുനിൽക്കുന്നവർ ഡോക്ടർമാരുടെ സേവനം തേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.