പോസ്റ്റ് കോവിഡ് ലക്ഷണങ്ങളെ നിസാരമായി കാണരുത്; കേരളത്തിലെ രോഗികളിലെ ലക്ഷണങ്ങൾ ഇതാണ്
text_fieldsആരും പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ നിസാരമായി കാണരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കോവിഡ് മുക്തരായവരില്‍ അമിത ക്ഷീണം, പേശീ വേദന മുതല്‍ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീ രോഗങ്ങള്‍ വരെ കണ്ടുവരുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 1,99,626 പേര്‍ പ്രാഥമികതലം മുതലുള്ള വിവിധ ആശുപത്രികള്‍ വഴിയും 1,58,616 പേര്‍ ഇ സഞ്ജീവനി, ടെലി മെഡിസിന്‍ സംവിധാനം വഴിയും പോസ്റ്റ് കോവിഡ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയതായി ആരോഗ്യമന്ത്രിയുടെ വാർത്താകുറിപ്പിലെ കണക്കുകൾ പറയുന്നു.
ഇതില്‍ 16,053 പേരില്‍ ശ്വാസകോശം, 2976 പേരില്‍ ഹൃദ്രോഗം, 7025 പേരില്‍ പേശീ വേദന, 2697 പേരില്‍ ന്യൂറോളജിക്കല്‍, 1952 പേരില്‍ മാനസികാരോഗ്യം എന്നിവ സംബന്ധമായ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 1332 പേരെ വിദഗ്ധ ചികിത്സയ്ക്ക് റഫര്‍ ചെയ്തു. 356 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായി വന്നത്. ഈയൊരു സാഹചര്യം മനസിലാക്കിയാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ക്ക് ആരോഗ്യ വകുപ്പ് പ്രാധാന്യം നല്‍കുന്നത്.
ഇ-സഞ്ജീവനി വഴിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വഴിയോ ചികിത്സ തേടേണ്ടതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. സംസ്ഥാനത്ത് 1183 പോസ്റ്റ് കോവിഡ് ക്ലിനിക്കുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതോടൊപ്പം ജില്ലാതല പോസ്റ്റ് കോവിഡ് ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സജ്ജീകരിച്ചിട്ടുള്ളതാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം. ഈ ക്ലിനിക്കുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സർക്കാർ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.