തസ്തിക നിർണയം; മാതൃജില്ലയിൽനിന്ന് പുറത്തായത് 201 അധ്യാപകർ
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ തസ്തിക നഷ്ടമായതിനെ തുടർന്ന് 201 സംരക്ഷിത അധ്യാപകർക്ക് മാതൃജില്ല വിട്ടുപോകേണ്ടിവന്നതായി കണക്കുകൾ. ഇവരെ മറ്റ് ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിലേക്ക് പുനർവിന്യസിച്ചാണ് സംരക്ഷണം നൽകിയത്. തസ്തിക നഷ്ടമായതിനെ തുടർന്ന് ഏറ്റവുംകൂടുതൽ അധ്യാപകർക്ക് മാതൃജില്ല വിട്ടുപോകേണ്ടിവന്നത് ആലപ്പുഴയിൽ നിന്നാണ്. ഇവിടെനിന്ന് 45 അധ്യാപകർ ഇതരജില്ലകളിലേക്ക് പുനർവിന്യസിക്കപ്പെട്ടു.
തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ ഏറ്റവും കൂടുതൽ പുനർവിന്യസിച്ചത് മലപ്പുറം ജില്ലയിലെ സ്കൂളുകളിലേക്കാണ്. 103 അധ്യാപകരെയാണ് ഇതരജില്ലകളിൽനിന്ന് മലപ്പുറത്തേക്ക് പുനർവിന്യസിച്ചത്. തസ്തികയില്ലാതെ എറണാകുളം ജില്ലയിൽനിന്ന് 39ഉം പത്തനംതിട്ടയിൽനിന്ന് 35ഉം പാലക്കാട് നിന്ന് 33ഉം തിരുവനന്തപുരത്ത് നിന്ന് 15ഉം കോട്ടയത്തുനിന്ന് രണ്ടും സംരക്ഷിത അധ്യാപകരാണ് തസ്തികയില്ലാതെ മാതൃജില്ലക്ക് പുറത്തേക്ക് പോകേണ്ടിവന്നത്. കാസർകോട് ജില്ലയിലേക്ക് 30 അധ്യാപകരെയാണ് ഇതരജില്ലകളിൽനിന്നായി പുനർവിന്യസിച്ചത്. വയനാട്ടിലേക്ക് 20ഉം കൊല്ലത്ത് 11ഉം തൃശൂരിൽ പത്തും കോട്ടയത്ത് ഒമ്പതും കണ്ണൂരിലും തിരുവനന്തപുരത്തും നാലുവീതവും എറണാകുളത്ത് രണ്ടും അധ്യാപകരെ ഇതരജില്ലകളിൽനിന്ന് പുനർവിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തം ഇൗ അധ്യയനവർഷം 3848 അധ്യാപകരാണ് തസ്തിക നഷ്ടപ്പെടുകയും പുനർവിന്യസിക്കപ്പെടുകയും ചെയ്തത്.
109 അനധ്യാപക ജീവനക്കാർക്കും തസ്തിക നഷ്ടപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ പേർക്ക് തസ്തിക നഷ്ടപ്പെട്ടത് പാലക്കാട് ജില്ലയിലാണ് -461 പേർക്ക്. കൊല്ലത്ത് 454ഉം കോഴിക്കോട് 433ഉം തിരുവനന്തപുരത്ത് 412ഉം അധ്യാപകർക്കാണ് തസ്തിക നഷ്ടമായത്. ഏറ്റവുംകുറച്ച് അധ്യാപകർക്ക് തസ്തിക നഷ്ടമായത് വയനാട്ടിലാണ് -13 പേർക്ക്. ഇടുക്കിയിൽ 15 അധ്യാപകർക്കും തസ്തിക നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.