തപാൽ സ്തംഭനം എട്ടാം ദിവസത്തിലേക്ക്
text_fieldsതിരുവനന്തപുരം: ഗ്രാമീൺ ഡാക് സേവക്മാരുടെ (ജി.ഡി.എസ്) സേവനവേതന വ്യവസ്ഥ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് തപാൽ ജീവനക്കാർ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്.
തിങ്കളാഴ്ച ഡൽഹിയിൽ തപാൽ വകുപ്പ് സെക്രട്ടറി വിളിച്ച സംഘടനാ നേതാക്കളുടെ യോഗം ഒത്തുതീർപ്പിലെത്താത്ത സാഹചര്യത്തിൽ സമരം ശക്തമായി തുടരാനാണ് തീരുമാനം. സംയുക്ത സമരസമിതി നേതാക്കൾ ഗവർണർക്ക് നിവേദനം നൽകി. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫിസിലേക്ക് ജീവനക്കാർ പ്രകടനവും നടത്തി. എട്ടു ദിവസമായി സംസ്ഥാനത്തെ 26 ഡിവിഷനുകളിലെ 5,500 തപാൽ ഓഫിസുകളും 35 റെയിൽവേ മെയിൽ സർവിസ് കേന്ദ്രങ്ങളും അഡ്മിനിസ്ട്രേറ്റിവ്, അക്കൗണ്ട്സ് ഓഫിസുകളും നിശ്ചലമാണ്. കഴിഞ്ഞ ആഴ്ച ലഭിക്കേണ്ട പ്രവേശന അറിയിപ്പുകളടക്കം സുപ്രധാന കത്തുകളെല്ലാം ആർ.എം.എസിലും ഹെഡ് പോസ്റ്റോഫിസുകളിലും കെട്ടിക്കിടക്കുകയാണ്.
അടിയന്തരമായി കൈമാറേണ്ട പാസ്പോർട്ടുകളടക്കം ഇതിലുണ്ട്. ഡ്രൈവർമാർ പണിമുടക്കുന്നതിനാൽ മെയിൽ വാഹനം ഓടുന്നില്ല. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ തൊഴിൽ പ്രവേശന അറിയിപ്പ്, സ്കൂള്‍- കോളജ് പ്രവേശന കത്തുകൾ, വിവിധ പെൻഷൻ എന്നിവക്കും ഒരാഴ്ചയായി ചലനമില്ല. നാഷനൽ ഫെഡറേഷൻ ഒാഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ.എഫ്.പി.ഇ), ഫെഡറേഷൻ ഒാഫ് നാഷനൽ പോസ്റ്റൽ ഒാർഗനൈസേഷൻ (എഫ്.എൻ.പി.ഒ) എന്നീ സംഘടനകളുടെ നേതൃത്വത്തിലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. തപാൽവകുപ്പിലെ 4.5 ലക്ഷം ജീവനക്കാരിൽ 2.63 ലക്ഷം പേർ ജി.ഡി.എസുകാരാണ്. കേന്ദ്രസർവിസിന് കീഴിലാണെങ്കിലും കേന്ദ്രജീവനക്കാരുടെ ആനുകൂല്യങ്ങളൊന്നും ഇവർക്കില്ല.
2016 മുതൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് 18,000 രൂപ മിനിമം വേതനം തീരുമാനിച്ചപ്പോൾ ഗ്രാമീൺ ഡാക് സേവക്മാർക്ക് 3,000- 4,500 രൂപവരെ മാത്രമാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.