തപാൽ ഓഫിസുകൾ ഇനി സംരംഭക കേന്ദ്രങ്ങൾ
text_fieldsതൃശൂർ: ഗ്രാമീണ തപാൽ ഓഫിസുകൾ അവശ്യസേവന കേന്ദ്രങ്ങളാകുന്നു. ജനന, മരണ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്കും വൈദ്യുതി, വെള്ളക്കരം അടക്കാനും ട്രെയിൻ ടിക്കറ്റ് വിൽപനയും അടക്കം 42 സേവനങ്ങളാണ് ഇത്തരം തപാൽ ഒാഫിസുകളിൽ വരുന്നത്. ഗ്രാമീണ മേഖല സംരംഭകൻ (വില്ലേജ് ലെവൽ എൻറർപ്രണർ -വി.എൽ.ഇ) എന്ന പേരിലാണ് പദ്ധതി. അക്ഷയ സെൻററുകൾക്ക് സമാനമാണ് പ്രവർത്തനം. സർവകലാശാല ഫീസുകൾ അടക്കം അടക്കാൻ കഴിയുന്നതിനാൽ പദ്ധതിക്ക് സ്വീകാര്യതയേറും എന്നാണ് കണക്കുകൂട്ടൽ. വിവിധ സേവനങ്ങൾക്ക് സംസ്ഥാന സർക്കാർ നിശ്ചയിച്ച തുക നൽകണം. ഇതു സംബന്ധിച്ച കേന്ദ്ര തപാൽ വകുപ്പ് നിർദേശത്തിനു മറുപടിയായി 23 പോസ്റ്റൽ ഡിവിഷനുകളിലെ ഒാരോ പോസ്റ്റ് ഓഫിസുകളെ പൈലറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള തപാൽ വകുപ്പ് കത്തയച്ചിട്ടുണ്ട്.
ഗ്രാമങ്ങളിൽ സംരംഭക പ്രവർത്തനവുമായി തപാൽ വകുപ്പിെൻറ മുഖം മാറ്റുകയാണ് പ്രധാന ലക്ഷ്യം. രാജ്യത്തെ 1,55,000 തപാൽ ഓഫിസുകളിൽ ഗ്രാമീണ മേഖലയിലെ 1,29,000 ഓഫിസുകളിലാണ് വി.എൽ.ഇ വരുന്നത്.
തപാൽ ഓഫിസുകളിൽ തുടങ്ങുന്നതിനാൽ പുതിയ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കണ്ട. നിലവിൽ ഓൺലൈൻ ശൃംഖല അടക്കമുള്ളതിനാൽ അധിക ചെലവുമില്ല. ജനത്തിന് മികച്ച സേവനം നൽകുന്നതിന് ജീവനക്കാർക്ക് സർവിസ് ചാർജിെൻറ 80 ശതമാനം നൽകും.
ഇതിനായി ഉദ്യോഗസ്ഥെൻറ പേരിൽ വാലറ്റ് സംവിധാനം ഏർെപ്പടുത്തും. സേവനത്തുകയിൽ സർക്കാറിന് ലഭിക്കേണ്ട 20 ശതമാനം തുക വാലറ്റിൽനിന്ന് നേരിട്ട് തപാൽ വകുപ്പിന് ലഭിക്കും. ബാക്കി തുക ഉദ്യോഗസ്ഥന് ലഭിക്കും. അതുകൊണ്ട് ഉദ്യോഗസ്ഥർക്കും താൽപര്യമേറും. ഉത്തർപ്രദേശിൽ പരീക്ഷണാർഥം തുടങ്ങിയ പദ്ധതി വിജയം കണ്ടതോടെയാണ് കേരളത്തിൽ അടക്കം രാജ്യത്താകെ വ്യാപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.