തപാൽ ബാലറ്റ് വിതരണത്തിൽ ക്രമക്കേടെന്ന് കോൺഗ്രസും ബി.ജെ.പിയും
text_fieldsതൃശൂർ: ജില്ലയിൽ തപാൽ ബാലറ്റ് വിതരണത്തിൽ ക്രമക്കേട് ആരോപണവുമായി കോൺഗ്രസും ബി.െജ.പിയും. സ്പെഷൽ തപാൽ ബാലറ്റുകൾ ഡി.എം.ഒ അനുവദിച്ചത് സി.പി.എം നിർദേശം അനുസരിച്ചാണെന്ന് ടി.എൻ. പ്രതാപൻ എം.പിയും ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറും ആരോപിച്ചു. സ്പെഷൽ ബാലറ്റ് വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി സംസ്ഥാന വക്താവും കോർപറേഷൻ സ്ഥാനാർഥിയുമായ ബി. ഗോപാലകൃഷ്ണൻ കലക്ടറുടെ ചേംബറിൽ കുത്തിയിരിപ്പ് നടത്തി. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും തപാൽ വോട്ടുകൾ എണ്ണാൻ അനുവദിക്കില്ലെന്നും ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസൻറ് പറഞ്ഞു. നിരീക്ഷണത്തിലുള്ളവർക്ക് ഒന്നിൽ കൂടുതൽ ബാലറ്റ് നൽകിയിട്ടുണ്ട്. എന്നാൽ, കോവിഡ് സ്ഥിരീകരിച്ച മുൻ മന്ത്രിക്കും കുടുംബത്തിനും ഇതുവരെ ബാലറ്റ് അനുവദിച്ചില്ല. സ്പെഷൽ ബാലറ്റുകൾ കൃത്യമായി നൽകിയില്ലെന്ന് പ്രതാപൻ കുറ്റപ്പെടുത്തി. ഡി.എം.ഒ വഴി തയാറാക്കിയ പട്ടികയിൽ ക്രമക്കേടുണ്ട്. സ്പെഷൽ ബാലറ്റുകളുടെ എണ്ണം കൂടിയാൽ വോട്ടെണ്ണൽ തടയും. തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
അതേസമയം, കോൺഗ്രസ് പരാതിയുടെ പശ്ചാത്തലത്തിൽ തപാൽ ബാലറ്റുകളുടെ വോട്ടെണ്ണലിന് കൂടുതൽ നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ചു. വോട്ടെണ്ണൽ ആരംഭിക്കുംമുമ്പ്, വിതരണം ചെയ്ത സാധാരണ തപാൽ ബാലറ്റുകളുെടയും സ്പെഷൽ തപാൽ ബാലറ്റുകളുടെയും എണ്ണം ബന്ധപ്പെട്ട കൗണ്ടിങ് ഏജൻറുമാരെ അറിയിക്കണം. ബ്ലോക്ക്തല വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ സ്ഥാനാർഥികൾ കൂടുതൽ ഏജൻറുമാരെ നിയോഗിക്കുന്നതിന് ആവശ്യം ഉന്നയിച്ചാൽ അനുവദിക്കണം. വരണാധികാരിക്ക് ഒരു ടേബിളിൽ ഒരു ഏജൻറ് എന്ന ക്രമത്തിൽ നിയമനം നടത്താവുന്നതാണെന്നും കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും കമീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.