ഹാദിയക്ക് കത്തുകൾ നേരിട്ട് നൽകാനാവില്ല; തപാൽ വകുപ്പിെൻറ വിശദീകരണം വിവാദമാകുന്നു
text_fieldsകോഴിക്കോട്: പോലീസ് സംരക്ഷണത്തിൽ ആയതിനാൽ ഹാദിയക്ക് കത്ത് നേരിട്ട് നൽകാനാകില്ലെന്ന തപാൽ വകുപ്പിന്റെ വിശദീകരണം വിവാദമാകുന്നു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി ഹാദിയക്ക് നേരിട്ട് അയച്ച രജിസ്റ്റേഡ് കത്തുകൾ ‘രക്ഷിതാവ് നിരസിച്ചു’ എന്ന പേരിൽ തിരിച്ചയച്ച നടപടിയെ ചോദ്യം ചെയ്ത് നൽകിയ പരാതിയിൽ തപാൽ വകുപ്പിെൻറ വിശദീകരണമാണ് വിവാദമായത്.
രജിസ്റ്റേഡ് പോസ്റ്റായി അയച്ച കത്തുകൾ വ്യക്തി സ്ഥലത്ത് ഉണ്ടായിരിക്കേ മറ്റൊരാൾക്ക് നിരസിക്കാനും തിരിച്ചയക്കാനുമുള്ള അധികാരമില്ല. ഈ നിയമത്തെയാണു തപാൽ വകുപ്പിലെ ചില ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്നായിരുന്നു പരാതിയിൽ ഉന്നയിച്ചിരുന്നത്.
എന്നാൽ വിശദീകരണം എന്ന നിലയിൽ നൽകിയ മറുപടിയിൽ ഹാദിയ പൊലീസ് സംരക്ഷണയിലാണെന്നും അതിനാലാണു കത്ത് പിതാവിനു കൈമാറിയതെന്നും നേരിട്ട് നൽകാൻ കഴിയില്ലെന്നുമുള്ള വിചിത്ര വാദമാണ് ഉന്നയിക്കുന്നത്. പരാതിയുമായി ചെന്ന തപാൽ ഉദ്ദ്യോഗസ്ഥരെ പോലും ഹാദിയയെ കാണാൻ അനുവദിച്ചില്ലെന്നും വിശദീകരണത്തിൽ ഉണ്ട്.
പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ അവകാശങ്ങൾ പൂർണമായും നിരസിക്കാനുള്ള അധികാരമൊന്നും ഗാർഡിയന് കോടതി നൽകിയിട്ടില്ലെന്നിരിക്കെ പോലീസ് സംരക്ഷണം എന്ന പേര് പറഞ്ഞ് മൗലികാവകാശങ്ങൾ നിഷേധിക്കുകയാണു പിണറായി പോലീസും സംഘ് പരിവാരങ്ങളും ചെയ്യുന്നതെന്ന് സി.ടി സുഹൈബ് കുറ്റപ്പെടുത്തി. ഹാദിയ സകല അവകാശങ്ങളും നിഷേധിക്കപ്പെട്ട അവസ്ഥയിലാണുള്ളത്. അന്വേഷണവുമായി ചെന്ന തപാൽ ഉദ്യോഗസ്ഥരെ പോലും കാണാൻ അനുവദിക്കാത്ത പിണറായി പോലീസിെൻറ പ്രൊട്ടക്ഷനെതിരെയാണു സമരങ്ങൾ തിരിയേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.