ചോലനായ്ക്കര്‍ക്ക് ആദരം; തപാല്‍ വകുപ്പ് പ്രത്യേക കവര്‍ പുറത്തിറക്കും
text_fieldsനിലമ്പൂർ: ഏഷ്യയിലെ ഏക ഗുഹാവാസി വിഭാഗമായി അറിയപ്പെടുന്ന ഗോത്രവർഗക്കാരായ ചോലനായ്ക്കരെ ആദരിക്കുന്നതിന്‍റെ ഭാഗമായി തപാൽ കവർ പുറത്തിറക്കുന്നു.
അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 21ന് കേരള വനം വന്യജീവി വകുപ്പ് നിലമ്പൂര്‍ സൗത്ത് ഡിവിഷനും ഭാരതീയ തപാല്‍ വകുപ്പും സംയുക്തമായാണ് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കുന്നത്. 2005ലെ റിപ്പബ്ലിക് ഡേ പരേഡില്‍ രാഷ്ട്രപതിയുടെ വിശിഷ്ടാതിഥിയായി ചോലനായ്ക്കര്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തയാളും അടുത്തിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചോലനായ്ക്കരുടെ മൂപ്പനുമായ മാതന്‍റെ സ്മരണാർഥമാണ്പ്രത്യേക കവര്‍.
21ന് രാവിലെ 11ന് നിലമ്പൂര്‍ പോസ്റ്റ് ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് ഉത്തരമേഖല പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മലദേവി നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ പി. പ്രവീണിന് പ്രത്യേക തപാല്‍ കവര്‍ നൽകി പുറത്തിറക്കും.
തുടര്‍ന്ന് തപാല്‍ കവറിന്‍റെ വില്‍പനയും ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആധാര്‍മേള, മൈ സ്റ്റാമ്പ് ഫിലാറ്റലി മേള എന്നിവയുമുണ്ടാകും. പൊതുജനങ്ങള്‍ക്ക് തപാല്‍ വകുപ്പിന്‍റെ എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.