ക്വാറൻറീൻ വീടുകൾ അറിയാൻ മാർഗമില്ലാതെ തപാൽ ജീവനക്കാർ
text_fieldsതൃശൂർ: കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വീടുകളേതെന്ന് അറിയാൻ മാർഗമില്ലാത്തതിനാൽ തപാൽ ജീവനക്കാർ വലയുന്നു. വാർഡ്തലത്തിൽ തയാറാക്കിയ ക്വാറൻറീൻ വീടുകളുടെയും വ്യക്തികളുടെയും പട്ടിക അധികൃതർ നൽകാത്തതിനാൽ ജീവനക്കാർക്ക് എല്ലാ വീടുകളിലും കയറിയിറങ്ങേണ്ടി വരുകയാണ്.
വാർഡ്തലത്തിൽ ഇതുമായി ബന്ധപ്പെട്ട പട്ടിക ആരോഗ്യവകുപ്പാണ് നൽകേണ്ടത്. തപാൽ ഓഫിസ് മേധാവികൾ ആരോഗ്യവിഭാഗത്തിന് കത്ത് നൽകിയെങ്കിലും പട്ടിക നൽകിയിട്ടില്ല. വീടുകൾ സംബന്ധിച്ച് ആർക്കും വിവരങ്ങൾ കൈമാറരുതെന്ന നിർദേശം മൂലമാണ് പ്രാഥമികാരോഗ്യകേന്ദ്ര അധികൃതരോ ആശാ വർക്കർമാരോ ഇത് നൽകാത്തത്.
കലക്ടർമാരുമായും ജില്ല ആരോഗ്യ ഓഫിസർമാരുമായും ബന്ധെപ്പട്ടിട്ടും വിവരങ്ങൾ ലഭിച്ചിട്ടില്ല. പട്ടിക നൽകാൻ പ്രയാസമുണ്ടെങ്കിൽ ക്വാറൻറീൻ ചെയ്യപ്പെടുന്ന വീടുകളിൽ കേന്ദ്ര ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച പ്രകാരം ലേബൽ പതിക്കണമെന്ന് തപാൽ ജീവനക്കാർ ആവശ്യപ്പെടുന്നു.
തെക്കൻ ജില്ലകളിൽ ഇത്തരത്തിൽ ആരോഗ്യ പ്രവർത്തകർ വീടുകളിൽ പോസ്റ്റ് പതിച്ചിട്ടുണ്ടെങ്കിലും മധ്യ-വടക്കൻ ജില്ലകളിൽ നടപ്പായിട്ടില്ല. നിരീക്ഷണത്തിലിരിക്കുന്ന രോഗിയുടെയും വീട്ടുകാരുടെയും മാനസിക പിരിമുറുക്കം ഒഴിവാക്കാനാണ് പോസ്റ്റുകൾ പതിക്കാത്തതെന്നാണ് പറയുന്നത്. എന്നാൽ, വാർഡ്തലത്തിൽ ക്വാറൻറീൻ ചെയ്യപ്പെട്ടവരുടെ പട്ടിക നൽകാതിരിക്കാൻ കൃത്യമായ വിശദീകരണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.