പോസ്റ്റൽ വോട്ട് : സുതാര്യത ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദാംശങ്ങൾ പുറപ്പെടുവിക്കണം - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പോസ്റ്റൽ വോട്ട് സംബന്ധമായി പുറത്തിറക്കിയ ഓർഡിനൻസിെൻറ പശ്ചാത്തലത്തിൽ കൂടുതൽ വ്യക്തികൾക്ക് തപാൽ വോട്ടിനുള്ള സൗകര്യം ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ കൃത്യമായ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
അസാധാരണ ഓർഡിനൻസിലൂടെ പ്രധാനമായും സാംക്രമിക രോഗം ബാധിച്ചവരെയും രോഗവ്യാപനം തടയുന്നതിനായി ക്വാറന്റൈനിൽ ഇരിക്കുന്നവരേയും പ്രത്യേകം പരാമർശിച്ചു കൊണ്ടുള്ള നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ തപാൽ വഴി വോട്ട് ചെയ്യുന്നതിന്റെ വിശദാംശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കാത്ത സാഹചര്യത്തിൽ ധാരാളം അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. വ്യത്യസ്ത ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ എന്നു മുതൽ ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾക്കാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിയുകയെന്ന് കൃത്യമായ മാർഗ്ഗനിർദ്ദേശം ലഭിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനോട് അടുത്ത് ഏത് തീയതി വരെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്താമെന്നും വ്യക്തമാകേണ്ടതുണ്ട്. നിലവിലെ രീതിയനുസരിച്ച് തപാൽ വഴി സമ്മതിദാനാവകാശം നിർവഹിക്കുന്ന വോട്ടർക്ക് ഗസറ്റഡ് പദവിയുള്ള ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം അനിവാര്യമാണ്.
എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾക്ക് ഇത്തരം സാക്ഷ്യപത്രം ലഭ്യമാക്കുന്നതിന്റെ പരിമിതിയെ മുൻനിർത്തി ബദൽ സംവിധാനം വിശദമാക്കണം. കോവിഡ് ബാധിതരായ രോഗികൾക്ക് മെഡിക്കൽ ഓഫീസർമാരുടെ സാക്ഷ്യപത്രം ലഭിക്കുമെങ്കിലും ക്വാറന്റൈനിൽ കഴിയുന്ന മറ്റു വ്യക്തികളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. തപാൽ വോട്ട് ചെയ്യുന്ന ഇത്തരം വ്യക്തികൾക്ക് പോസ്റ്റ് ഓഫീസിൽ പോകാതെ തന്നെ സുതാര്യമായി എങ്ങനെയാണ് തങ്ങളുടെ ബാലറ്റ് പേപ്പർ പോസ്റ്റലായി റിട്ടേണിങ് ഓഫീസറുടെ കയ്യിൽ എത്തിക്കാൻ കഴിയുന്നതെന്ന് വ്യക്തമാകേണ്ടതുണ്ട്.
പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ സ്വാധീനിച്ച് വ്യത്യസ്ത സംഘടനകൾക്കും വ്യക്തികൾക്കും ഇത്തരം പോസ്റ്റൽ വോട്ടുകൾ തങ്ങൾക്കനുകൂലമാക്കി മാറ്റാൻ കഴിയുമെന്ന പരാതി വ്യാപകമാണ്. ഇത്തരം ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്റൽ വോട്ട് ദുരുപയോഗപ്പെടുത്താതെ ഇരിക്കാനുള്ള ജാഗ്രത തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.