വി.വി. രാജേഷിനെതിരെ ബി.ജെ.പി ഓഫിസിനും വീടിനും മുമ്പിൽ പോസ്റ്റർ; അനധികൃത സ്വത്തിൽ അന്വേഷണം വേണമെന്ന്
text_fieldsതിരുവനന്തപുരം: ബി.ജെ.പി നേതാവ് വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപക പോസ്റ്റർ. ബി.ജെ.പി സംസ്ഥാന കമ്മറ്റിയുടെ പുതിയ ഓഫിസിനും പഴയ ഓഫിസിനും രാജേഷിന്‍റെ വഞ്ചിയൂരിലെ വീടിന് മുമ്പിലുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. രാജേഷിന്‍റെ അനധികൃതസ്വത്തിൽ അന്വേഷണം വേണമെന്നാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്.
വി.വി. രാജേഷിന്‍റെ അനധികൃത സ്വത്തിൽ പാർട്ടി വിശദമായ അന്വേഷണം നടത്തുക, പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പണം വാങ്ങി ബി.ജെ.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ രാജേഷിനെ പുറത്താക്കുക എന്നിങ്ങനെയാണ് പോസ്റ്ററിൽ കുറിച്ചിട്ടുള്ളത്. എന്നാൽ, ബി.ജെ.പി പ്രതികരണവേദിയുടെ പേരിലുള്ള പോസ്റ്റർ ആരാണ് പതിച്ചതെന്ന് വ്യക്തമല്ല.
അതേസമയം, വി.വി. രാജേഷിനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. പാർട്ടിയിൽ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അധ്യക്ഷൻ, പോസ്റ്റർ ഒട്ടിച്ചവരെ കണ്ടെത്തി കർശന നടപടിയെടുക്കണമെന്നും നിർദേശിച്ചു.
അതിനിടെ, പോസ്റ്റർ പ്രചരിച്ച സംഭവത്തിൽ വി.വി. രാജേഷ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.