''ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്... പ്രതിഷേധിക്കുക''
text_fieldsകാസർകോട്: കാസർകോട് ബി.ജെ.പിയിലെ തമ്മിലടി മറനീക്കി പുറത്ത്. നഗരത്തിലടക്കം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പോസ്റ്ററുകൾ ഉയർന്നിട്ടുണ്ട്. നഗരത്തിൽ പൊതുപരിപാടിയിൽ സുരേന്ദ്രൻ പങ്കെടുക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കം. ''കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കളെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികള്‍ക്ക് നീതി കിട്ടും…'' എന്നാണ് പോസ്റ്ററിലെ വാചകം. മലയാളത്തിലും കന്നഡയിലും പോസ്റ്ററുകളുണ്ട്.
പാർട്ടി രക്തസാക്ഷികളെ അപമാനിച്ചുവെന്നാരോപിച്ചാണ് സ്വന്തം തട്ടകമായ ജില്ലയിൽ സുരേന്ദ്രനെതിരെ പടനീക്കം ശക്തമായത്. കുറച്ചു കാലങ്ങളായി കാസർകോട് ബി.ജെ.പിയിൽ അസ്വാരസ്യം പുകയുകയാണെന്നാണ് റിപ്പോർട്ട്.
കാസർകോട് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബലിദാനികളെ അപമാനിച്ചവരെ സുരേന്ദ്രൻ സംരക്ഷിക്കുന്നു എന്നാണ് പോസ്റ്ററുകളിലെ ആരോപണം.
ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സി.പി.എം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനാക്കാൻ ബി.ജെ.പി പിന്തുണ നൽകിയതിനെതിരെ ജില്ലയിൽ നേരത്തെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്.
നേരത്തെയും സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ബിജെപി രംഗത്തെത്തിയിരുന്നു. ബി.ജെ.പി മുൻ ജില്ല പ്രസിഡന്‍റിനെതിരെയും മുമ്പ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബി.ജെ.പി മുൻ ജില്ല പ്രസിഡന്‍റടക്കമുള്ളവരാണ് സി.പി.എം ബി.ജെ.പി കൂട്ടുകെട്ടുണ്ടാക്കിയതെന്നും ജില്ലയിലെ മൂന്ന് നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നും ഒരു വിഭാഗം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഈ ആവശ്യം പരിഗണിച്ചില്ല. അതേസമയം വാര്‍ത്തയായതിന് പിന്നാലെ അണികളെത്തി പോസ്റ്റര്‍ നീക്കം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.