ജോസഫ് വാഴക്കൻ മുവാറ്റുപുഴ സീറ്റിന് അർഹനല്ല; കെ.പി.സി.സി ആസ്ഥാനത്ത് പോസ്റ്ററുകൾ
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കനെ മുവാറ്റുപുഴയിൽ മത്സരിപ്പിക്കുന്നതിനെതിരെ കെ.പി.സി.സി ആസ്ഥാനത്ത് പോസ്റ്ററുകൾ. തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ജോസഫ് വാഴക്കൻ മുവാറ്റുപുഴ സീറ്റിന് അർഹനല്ലെന്നും സേവ് കോൺഗ്രസ് സേവ് മുവാറ്റുപുഴ എന്നീ വാചകങ്ങളും പോസ്റ്റിൽ കാണാം. ഇംഗ്ലീഷിലാണ് പോസ്റ്ററുകൾ.
മുവാറ്റുപുഴ സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതിനെ പരസ്യമായി എതിർത്ത് ജോസഫ് വാഴക്കൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. മുവാറ്റുപുഴ നൽകി ചങ്ങനാശേരി ഏറ്റെടുക്കാനായിരുന്നു നീക്കം. ഇതിനുപിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും.
കഴിഞ്ഞദിവസം കോന്നിയിൽ അടൂർ പ്രകാശ്, റോബിൻ പീറ്റർ എന്നിവർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അടൂർ പ്രകാശ് എം.പിയുടെ ബിനാമിയാണ് റോബിൻ പീറ്റർ എന്നായിരുന്നു ആരോപണം.
റോബിൻ പീറ്ററെ കോന്നിയിൽ മത്സരിപ്പിക്കരുതെന്നും കെ.പി.സി.സി വിഷയത്തിൽ ഇടപെടണമെന്നും കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നു. കോന്നി മണ്ഡലത്തിലെ പ്രമാടം പഞ്ചായത്തിൽ ഉൾപ്പെടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ആറ്റിങ്ങൾ എം.പിയുടെ ബിനാമി റോബിൻ പീറ്ററെ കോന്നിക്ക് വേണ്ട എന്നാണ് പോസ്റ്ററിന്‍റെ തലക്കെട്ട്. കോന്നി ഉപതെരഞ്ഞെടുപ്പിൽ മോഹൻരാജിനെ എൻ.എസ്.എസ് സ്ഥാനാർഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയെന്നും തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളെ പരാജയപ്പെടുത്താൻ നേതൃത്വം നൽകിയെന്നും ആരോപിക്കുന്നു. കൂടാതെ കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള യോഗ്യതയെന്നും പോസ്റ്ററിൽ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.