നിരത്തുകളിൽ ഇനി ‘വെളുക്കെ ചിരിക്കാനാവില്ല’
text_fieldsതിരുവനന്തപുരം: ഹൈകോടതി വടിയെടുത്തതോടെ ഇനി പ്രധാനനിരത്തുകളിൽ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും പോസ്റ്ററുകളിൽ ‘വെളുക്കെ ചിരിക്കാൻ’ കഴിയില്ല. നിരത്തുകളിൽനിന്ന് ഡിസംബർ 18നകം എല്ലാ പോസ്റ്ററും ബാനറും ബോർഡും കൊടിതോരണങ്ങളും അടിയന്തരമായി നീക്കണം ചെയ്യണമെന്നാണ് ഹൈകോടതി നിർദേശം. പുതുതായി ഒരുവിധ പോസ്റ്ററും ബോർഡും ബാനറും പ്രധാനനിരത്തുകളിൽ സ്ഥാപിക്കാനുമാവില്ല.
ഏറ്റവുമധികം കുഴയുന്നത് സി.പി.എമ്മാണ്. സംസ്ഥാന സമ്മേളനം പടിവാതിൽക്കൽ എത്തിനിൽക്കെ വലിയ പ്രചാരണത്തിനായിരുന്നു സി.പി.എം ആലോചന. മുഖ്യമന്ത്രി അടക്കം നേതാക്കളുടെ വലിയ കട്ടൗട്ടുകളും സർക്കാറിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറയുന്ന ബോർഡും ഫ്ലക്സും അടക്കം സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു.
കോടതി ഉത്തരവ് ഇതിനെല്ലാം മൂക്കുകയർ ഇട്ടിരിക്കുകയാണ്. ആസന്നമായ തെരഞ്ഞെടുപ്പുകളിലും വിലക്ക് രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തിരിച്ചടിയാണ്.
ഹൈകോടതി ഉത്തരവ് പ്രകാരം 18ന് മുമ്പ്, അനധികൃതമായി സ്ഥാപിച്ച എല്ലാ ബോർഡും നീക്കംചെയ്യണമെന്നും അല്ലാത്തപക്ഷം പോസ്റ്റർ, ബാനർ, ബോർഡ്, കൊടി എന്നിവ ഓരോന്നിനും 5000 രൂപ നിരക്കിൽ തദ്ദേശ സെക്രട്ടറിമാരിൽനിന്ന് പിഴ ഈടാക്കുമെന്നും തദ്ദേശവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
പൊതുസ്ഥലങ്ങളിലെ നടപ്പാതകളിലും ഹാൻഡ് റെയിലുകളിലും ട്രാഫിക് ഐലന്റുകളിലും റോഡുകളുടെ മധ്യഭാഗത്തുള്ള മീഡിയനുകളിലും വ്യക്തികളുടെയും പൊതുപ്രവർത്തകരുടെയും പേരുകൾ, ചിത്രങ്ങൾ, വ്യക്തിത്വം, പ്രസ്ഥാനം എന്നിവ വെളിപ്പെടുത്തുന്ന ബോർഡ്, ബാനർ, പോസ്റ്റർ, കൊടിതോരണം എന്നിവ സ്ഥാപിക്കാൻ അനുമതി ഉണ്ടാവില്ല.
പൊതുറോഡുകൾ, നടപ്പാതകൾ, മീഡിയനുകൾ തുടങ്ങിയവയിൽ സർക്കാർ വകുപ്പുകളുടെയോ സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെയോ സ്വകാര്യ ഏജൻസികളുടെയോ മത സ്ഥാപനങ്ങളുടെയോ മറ്റ് സ്ഥാപനങ്ങളുടെയോ ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കാൻ പാടില്ല.
18നകം എല്ലാം നീക്കണം. നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നീക്കംചെയ്തവയുടെ എണ്ണം, ചുമത്തിയ പിഴ, ഈടാക്കിയ പിഴ എന്നിവയുടെ വിവരങ്ങൾ ഹൈകോടതിയിൽ സമർപ്പിക്കാൻ പ്രിൻസിപ്പൽ ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.