കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്കായി പോസ്റ്ററുകൾ; സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
text_fieldsകോഴിക്കോട്: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകുന്നതിനെതിരെ സി.പി.എം പ്രവർത്തകർക്കിടയിൽ വ്യാപക അമർഷം. മണ്ഡലത്തിൽ ജനകീയനായ സി.പി.എം നേതാവ് കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പലയിടത്തും ഞായറാഴ്ച രാത്രി പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പാർട്ടി തീരുമാനത്തിനെതിരെയും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് പോസ്റ്ററുകൾ മണ്ഡലത്തിൽ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണ്.
'തീരുമാനിക്കാനേ നിങ്ങൾക്ക് കഴിയൂ, പ്രവർത്തിക്കേണ്ടത് ഞങ്ങളാണ്', '40 വർഷത്തോളം ചെങ്കൊടിയണിഞ്ഞ മണ്ഡലത്തെ കളഞ്ഞുകുളിച്ചത് ചിലരുടെ അധികാരക്കൊതിയാണ്' തുടങ്ങിയ മുന്നറിയിപ്പുകൾ പോസ്റ്ററിലുണ്ട്. 'പാർട്ടി സഖാക്കൾ' എന്ന പേരിലാണ് കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ചിത്രം സഹിതം പ്രചാരണ പോസ്റ്റർ തന്നെ അടിച്ചത്.
മണ്ഡലം കേരള കോൺഗ്രസ് - എമ്മിനാണെന്ന വാർത്ത വന്ന വെള്ളിയാഴ്ച രാത്രി തന്നെ വേളത്ത് സി.പി.എമ്മിെൻറ ഒരു പ്രമുഖ നേതാവിനെ അണികൾ വളഞ്ഞിട്ട് പ്രതിഷേധിച്ചിരുന്നു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ കുഞ്ഞമ്മദ്കുട്ടി മാസ്റ്റർക്ക് ഇത്തവണ ഉറപ്പായും സീറ്റ് കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു ഭൂരിപക്ഷവും.
കഴിഞ്ഞ ദിവസം അദ്ദേഹം നയിച്ച മണ്ഡലംതല വികസന ജാഥ അവരുടെ വിശ്വാസത്തിന് ബലമേകിയിരുന്നു. എന്നാൽ, കുറ്റ്യാടി കേരള കോൺഗ്രസിന് കൊടുക്കുമെന്ന വാർത്ത വന്നതോടെ പ്രതിഷേധിച്ച് മണ്ഡലത്തിലെ പഞ്ചായത്തുകളിലും അമർഷം പുകയുകയാണ്.
സി.പി.എമ്മിെൻറ ശക്തികേന്ദ്രമായ വടകര താലൂക്കിലെ മൂന്ന് മണ്ഡലത്തിലും സി.പി.എമ്മിന് സീറ്റില്ല. നാദാപുരത്ത് സി.പി.െഎക്കും വടകരയിൽ എൽ.ജെ.ഡിക്കുമാണ് സീറ്റ് നൽകുന്നത്. കഴിഞ്ഞ തവണ കുറ്റ്യാടിയിൽ കെ.കെ. ലതിക തോറ്റതിനാൽ വടകര താലൂക്കിൽ എവിടെയും സി.പി.എമ്മിന് എം.എൽ.എ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ തവണ കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിമാസ്റ്റർക്ക് സീറ്റ് കൊടുക്കുമെന്ന് അണികളിൽ ചിലർ ഉറപ്പിച്ചിരുന്നു. അവസാനം കെ.കെ. ലതികക്കാണ് നൽകിയത്. അന്ന് ലതികയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് കുഞ്ഞമ്മദ്കുട്ടി മാസ്റ്ററായിരുന്നു. അതിനാൽ അടുത്ത തവണ കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ പരിഗണിക്കുമെന്ന വിശ്വാസമായിരുന്നു മിക്കവർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.