മൻസൂർ വധം: പ്രതിയുടെ മരണം കൊലപാതകം? ദേഹത്ത് മുറിവ്, ആന്തരികാവയവങ്ങൾക്ക് ക്ഷതം; ശ്വാസം മുട്ടിച്ചെന്ന് സൂചന
text_fieldsകണ്ണൂര്‍: പാനൂർ കടവത്തൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ െകാലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രതി കൂലോത്ത് രതീഷിന്‍റെ ദേഹത്ത് മുറിവും ആന്തരികാവയവങ്ങൾക്ക് ക്ഷതവും ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായി സൂചനയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. പോസ്റ്റ് മോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്.
മൃതദേഹത്തിൽ മൂക്കിന് സമീപത്തായി മുറിവുണ്ട്. ഇത് മല്‍പ്പിടിത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് സൂചന. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി ആരോപിച്ചിരുന്നു. രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുമ്പ് പല കൊലക്കേസുകളിലും നടന്നതുപോലെ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പ്രതിയെ സി.പി.എം കൊലപ്പെടുത്തിയതാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഈ ആരോപണത്തിന് ബലമേകുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനങ്ങള്‍. മരണത്തിൽ ദുരൂഹത വെളിപ്പെട്ടതോടെ വടകര റൂറല്‍ എസ്.പി ഡോ. ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ സംഭവസ്ഥലം വീണ്ടും പരിശോധനക്ക് വിധേയമാക്കി. രതീഷ് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട വളയം ചെക്യാട് അരൂണ്ടയില്‍ പൊലീസ് വിദഗ്ധപരിശോധന നടത്തി.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സ്ഥലത്തെത്തി പ്രദേശവാസികളുടെ മൊഴിയെടുത്തു.
വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് സംഘം, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഞായറാഴ്ചയും വിദഗ്ധർ പരിശോധന തുടരുമെന്ന് റൂറൽ എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ ചെക്യാട് അരൂണ്ട കുളിപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിന്‍ കൊമ്പിലാണ് രതീഷിനെ (36) തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. കണ്ണൂർ പുല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് സ്വദേശിയായ രതീഷ് സജീവ സി.പി.എം പ്രവര്‍ത്തകനാണ്.
ശനിയാഴ്ച രാവിലെ ഒന്നര മണിക്കൂറോളമെടുത്താണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. നാദാപുരം ഡിവൈ.എസ്.പി. പി.എ. ശിവദാസ്, വളയം സി.ഐ. പി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വം നൽകി. പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി 10 മണിയോടെ പുല്ലൂക്കര കൊച്ചിയങ്ങാടിക്കടുത്തുള്ള കൂലോത്ത് വീട്ടിലെത്തിച്ച മൃതദേഹം സി.പി.എം, എൽ.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.