കടുവ ചത്തത് വെള്ളത്തിൽ മുങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsകുമളി: കട്ടപ്പനക്ക് സമീപം ഏലത്തോട്ടത്തിലെ കുളത്തിൽ വീണ കടുവ പുറത്ത് കടക്കാനാകാതെ വെള്ളത്തിൽ മുങ്ങിയാണ് ചത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കടുവയുടെ ശ്വാസകോശത്തിൽ വെള്ളം കയറി ശ്വാസം മുട്ടിയതും ആഴമുള്ള കുളത്തിൽനിന്ന് പുറത്ത് കടക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതും മരണത്തിന് ഇടയാക്കി.
കട്ടപ്പന നിർമലാസിറ്റി ഇടത്തുപാറ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തിൽനിന്നാണ് ഞായറാഴ്ച കടുവയുടെ ജഡം കണ്ടെത്തിയത്. ദിവസങ്ങളായി പ്രദേശത്ത് കാണപ്പെട്ട കടുവ ഇരപിടിക്കാനുള്ള ശ്രമത്തിനിടെ കുളത്തിൽ വീണതാകാമെന്നാണ് നിഗമനം. ഉദ്ദേശം രണ്ടര വയസ്സുള്ള പൂർണ ആരോഗ്യവാനായ ആൺകടുവയാണ് ചത്തത്.
മൂന്നാർ ഭാഗത്തുനിന്നാണ് നിർമലസിറ്റിക്ക് സമീപം കടുവ എത്തിയതെന്നാണ് വനപാലകർ പറയുന്നത്.
കടുവകൾ സ്വന്തമായി ഒരു പ്രദേശം അധീനതയിൽ വെക്കുന്നതാണ് പതിവ്. ഇത്തരത്തിൽ അമ്മയെ വിട്ടുപിരിഞ്ഞുമാറി സ്വന്തമായി ഒരു പ്രദേശം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് കടുവ മൂന്നാറിൽനിന്ന് കട്ടപ്പനക്ക് സമീപമെത്തിയതെന്നാണ് അധികൃതർ പറയുന്നത്.
തേക്കടിയിലെത്തിച്ച കടുവയുടെ ജഡം ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശപ്രകാരമുള്ള കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം ചെയ്ത് സംസ്കരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ഡോക്ടർമാരായ അനുരാജ്, അനുമോദ് എന്നിവർ നേതൃത്വം നൽകി. കോട്ടയം ഡി.എഫ്.ഒ രാജേഷ്, എൻ.ടി.സി.എ അംഗങ്ങളായ മാത്യു തോമസ്, ജയചന്ദ്രൻ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.