കസ്റ്റഡി മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ദമ്പതികളെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പരിക്കോ മർദനത്തിന്‍റെ അടയാളങ്ങളോ ഇല്ല. അതല്ലാത്ത പാടുകൾ മരണ കാരണമല്ലെന്നാണ് വിലയിരുത്തൽ. പരിശോധനയിൽ ഇതാണ് വ്യക്തമായതെങ്കിലും കസ്റ്റഡിയിൽ സുരേഷിനെ പൊലീസ് മർദിച്ചോ എന്നതിൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
പൊലീസുകാർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തൽ പുരോഗമിക്കുകയാണ്. ആരോപണവിധേയനായ തിരുവല്ലം എസ്.ഐ ബിപിൻ പ്രകാശിനെ ജോലിയിൽനിന്ന് മാറ്റിനിർത്തി. കസ്റ്റഡിയിലാണ് പ്രതി മരിച്ചതെന്നതിനാൽ പൊലീസുകാർക്കെതിരെ കുറ്റം ചുമത്താൻ സാഹചര്യമുണ്ട്. എന്നാൽ, ഗുരുതര വകുപ്പുകൾ ഉടൻ ചേർക്കില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. അസ്വാഭാവിക മരണമെന്ന നിലവിലെ വകുപ്പ് നിലനിര്‍ത്തി അന്വേഷണം തുടരും.
സുരേഷിന്‍റെ ശരീരത്തിലെ പാടുകള്‍ എങ്ങനെയുണ്ടായെന്ന് കണ്ടെത്തണം. ഒപ്പം അറസ്റ്റിലായവരെ ജയിലിൽ ചോദ്യം ചെയ്യും. തിരുവല്ലം സ്റ്റേഷനിലെ പൊലീസുകാരെയും ചോദ്യം ചെയ്യും. അറസ്റ്റ് നടന്ന ജഡ്ജിക്കുന്നിലെ സാക്ഷികളുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും മൊഴിയെടുക്കും. മജിസ്റ്റീരിയല്‍ അന്വേഷണവും തുടരുകയാണ്. ദിവസങ്ങൾക്ക് മുമ്പാണ് തിരുവല്ലം ജഡ്ജിക്കുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിന് സുരേഷ് അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പിറ്റേദിവസം സ്വകാര്യ ആശുപത്രിയിലാണ് സുരേഷ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസ് മർദനമാണ് മരണകാരണമെന്ന് ആരോപണം ഉയർന്നു. ഒപ്പം അറസ്റ്റ് ചെയ്ത നാലുപേരും ജയിലിലാണ്. ഇവർ സദാചാര പൊലീസ് ചമഞ്ഞ് മർദിച്ചെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.