3000 തപാല്‍ ഉരുപ്പടികള്‍ ഒാഫിസ് വരാന്തയില്‍; പോസ്റ്റ്മാന് അറസ്റ്റില്‍
text_fieldsആധാര്‍ കാര്‍ഡ്, ജോലി നിയമന ഉത്തരവ്, കോടതി സമന്‍സ്, മുഖ്യമന്ത്രി അയച്ച കത്തുകള്‍ ഉള്‍പ്പെടെയാണ് വിതരണം ചെയ്യാതെ സൂക്ഷിച്ചത്
മുണ്ടക്കയം: മൂവായിരത്തോളം പോസ്റ്റല്‍ ഉരുപ്പടികള്‍ തപാൽ ഒാഫിസ് വരാന്തയില്‍ ഉപേക്ഷിച്ചനിലയിൽ. കൂട്ടിക്കല്‍ പോസ്റ്റ് ഒാഫിസിനുകീഴിലെ കുറ്റിപ്ലാങ്ങാട് (മുക്കുളം) സബ് പോസ്റ്റ് ഒാഫിസിെൻറ പിന്‍വശത്തെ കക്കൂസിനോടുചേര്ന്ന് വരാന്തയിലാണ് ചാക്കില്‍ നിറച്ചനിലയില്‍ സൂക്ഷിച്ച ഉരുപ്പടികള്‍ സമീപവാസികൾ കണ്ടെത്തിയത്. സംഭവത്തിൽ താൽക്കാലിക പോസ്റ്റ്മാന് മുണ്ടക്കയം ചെളിക്കുഴി കൊച്ചുപറമ്പില്‍ കെ.ആര്. അരുണ്‍കുമാറിനെ (23) പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ ഏഴോടെ നാട്ടുകാരാണ് കെട്ടിടത്തിെൻറ പിന്‍വശത്ത് ചാക്കില്‍ തപാല്‍ ഉരുപ്പടികള്‍ കണ്ടത്. ആധാര്‍ കാര്‍ഡ്, പോസ്റ്റല്‍ ബാലറ്റ് പേപ്പർ, വിവിധ ബാങ്കുകളില്‍ വിവിധ തസ്തികള്‍ക്കുള്ള നിയമന ഉത്തരവ് അറിയിപ്പുകള്, കോടതി സമന്‍സ്, പൊലീസടക്കം വിവിധ വകുപ്പുകളിൽനിന്ന് അയച്ച രേഖകള്‍, മുഖ്യമന്ത്രി പിണറായി വിജയന്, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ എന്നിവര്‍ അയച്ച കത്തുകള്‍, ബാങ്ക് ചെക്കുകള്‍ ഉള്‍പ്പെടെയാണ് ഇവിടെ വിതരണം ചെയ്യാതെ സൂക്ഷിച്ചത്. ഒന്നര വര്‍ഷംവരെ പഴക്കമുള്ളവ ഇതിലുണ്ട്.
തപാല്‍ ഉരുപ്പടികള്‍ കണ്ട നാട്ടുകാര്‍ പഞ്ചായത്ത് അംഗം ഐ.സി. വിപിന്‍, വാര്‍ഡിലെ താമസക്കാരന് കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് നെച്ചൂര്‍ തങ്കപ്പന് എന്നിവരെ അറിയിച്ചു. തുടർന്ന് പെരുവന്താനം എസ്.ഐ പി.ജെ. വര്‍ഗീസിെൻറ നേതൃത്വത്തില്‍ പൊലീസെത്തി ഉരുപ്പടികള്‍ കസ്റ്റഡിയിലെടുത്തു. പോസ്റ്റ് ഒാഫിസിെൻറ എതിര്‍വശത്തെ കുറ്റിപ്ലാങ്ങാട് ഗവ. ഹയ ര്‍സെക്കന്‍ഡറി സ്കൂളിലേക്കുള്ള കത്തുകൾ പോലും വിതരണം ചെയ്യാതെ ഇവിടെ കിടക്കുന്നു.
പോസ്റ്റ് ഒാഫിസിെൻറ സമീപത്ത് താമസിക്കുന്നവർക്കും കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് ഒാഫിസിലേക്കും നൽകേണ്ട ഉരുപ്പടികളും വിതരണം ചെയ്തിട്ടില്ല. എല്ലാ ഉരുപ്പടികളും താന്‍ കൃത്യമായി പോസ്റ്റ് മാനെ ഏല്പിച്ചിരുെന്നന്നും ഇയാള്‍ വിതരണം നടത്താത്ത വിവരം അറിഞ്ഞിരുന്നിെല്ലന്നും സബ് പോസ്റ്റ് മാസ്റ്റര്‍ പൊലീസിനും പോസ്റ്റല്‍ വകുപ്പിനും മൊഴിനല്‍കി.
പ്രാഥമിക അേന്വഷണത്തിൽ താൽക്കാലിക പോസ്റ്റ് മാന്‍ കുറ്റക്കാരനാെണന്ന് മനസ്സിലാക്കിയതായി ചങ്ങനാശ്ശേരി പോസ്റ്റല്‍ സൂപ്രണ്ട് സാജൻ ഡേവിഡ് അറിയിച്ചു. വിശദ അന്വേഷണത്തിന് മുണ്ടക്കയം പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ ആര്യ വി. മോഹനെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.
രണ്ടുവര്‍ഷമായി ദിവസവേതനത്തിനാണ് അരുണ്‍കുമാര്‍ ജോലിചെയ്തുവരുന്നത്. ഇക്കാലയളവില്‍ പോസ്റ്റ് ഒാഫിസില്‍ എത്തിയ രജിസ്റ്റേഡ് മണി ഓര്‍ഡറുകള്‍, സ്പീഡ് പോസ്റ്റ് എന്നിവ സംബന്ധിച്ച് ആളുകളെ നേരില്‍കണ്ട് അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു. അറസ്റ്റിലായ അരുണ്‍കുമാറിനെ വെള്ളിയാഴ്ച പീരുമേട് കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.