കോളജ് വിദ്യാർഥിനിയെ കാണാതായിട്ട് ഏഴുദിവസം; അന്വേഷണം എങ്ങുമെത്തിയില്ല
text_fieldsപോത്തൻകോട് (തിരുവനന്തപുരം): പോത്തൻകോട് നിന്ന് ഏഴുദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെകുറിച്ച് ഇനിയും വിവരങ്ങൾ ഒന്നും ലഭിച്ചില്ലെന്ന് പൊലീസ്. കഴിഞ്ഞ 30ാം തീയതിയാണ് ജാസ്മിൻ -സജൂൻ ദമ്പതികളുടെ മകളും തിരുവനന്തപുരം എംജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിനിയുമായ സുആദ (19)യെ കാണാതായത്.
പോത്തന്‍കോട്, കന്യാകുളങ്ങര തുടങ്ങി സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. പോകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പൊലീസും ബന്ധുക്കളും അന്വേഷിച്ചു. സുആദയുടെ ഫോണിന്റെ കാൾലിസ്റ്റ് പരിശോധിച്ച പോത്തൻകോട് പൊലീസ് നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാർഥിനി വീട്ടില്‍നിന്ന് ഇറങ്ങിയത്. ട്യൂഷന്‍ എടുക്കാന്‍ പോയതെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. വൈകിട്ട് നാലരയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നൽകിയത്. വീടിന് അടുത്തുള്ള കടയില്‍ നിന്ന് 100 രൂപ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു ബാഗും മൂന്ന് ജോഡി വസ്ത്രങ്ങളുമായാണ് പോയത്. ബന്ധുക്കളും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കന്യാകുളങ്ങരയിലെ കടയിലെ സി.സി.ടി.വി ദൃശ്യത്തിൽ സുആദയെ കണ്ടു. റോഡ് മുറിച്ചു കടന്ന് കെ.എസ്.ആര്‍.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഫോണ്‍ പരിശോധിച്ചിട്ടും സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചിട്ടും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. പോത്തന്‍കോട് പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും കുടുംബം പരാതി കൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.