യുവാവിനെ കൊന്ന് കാൽ വെട്ടിയെറിഞ്ഞ കേസ്: മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ
text_fieldsതിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിനെ കൊന്ന് കാൽവെട്ടിയെറിഞ്ഞ കേസിൽ പ്രധാന പ്രതി ഒട്ടകം രാജേഷ് പിടിയിലായി. തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽനിന്ന് ഇന്ന് പുലർച്ചെയാണ് ഇയാൾ പിടിയിലായത്. കേസിൽ മുഖ്യ ആസൂത്രകൻ രാജേഷാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ചാത്തമ്പാട്ടെ ഒളിയിടത്തിൽനിന്ന് പൊലീസ് പിടികൂടിയ സുധീഷ് ഉണ്ണിക്കും മുട്ടായി ശ്യാമിനുമൊപ്പം ഉണ്ടായിരുന്ന ഒട്ടകം രാജേഷ് പൊലീസ് വരുന്ന വിവരം അറിഞ്ഞ് അവിടെനിന്ന് മുങ്ങിയിരുന്നു. പുത്തൻകടവ് മേഖലയിലെ തുരുത്തുകളിൽ ഇയാൾക്കായി തെരച്ചിൽ നടത്താനെത്തിയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരുപൊലീസുകാരൻ മരണപ്പെടുകയും ചെയ്തിരുന്നു. അന്വേഷിച്ച് തിരികെ വരുന്നതിനിടെ വള്ളത്തിൽ വെള്ളം കയറി മുങ്ങിയാണ് തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ ആലപ്പുഴ പുന്നപ്ര ആലിശ്ശേരി കാർത്തികയിൽ എസ്. ബാലു (27) മരിച്ചത്.
കൊലപാതകശേഷം 11 അംഗ സംഘം പലവഴിക്ക് പിരിഞ്ഞപ്പോൾ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ ഒട്ടകം രാജേഷും സുധീഷ് ഉണ്ണിയും മുട്ടായി ശ്യാമും ഒന്നിച്ചാണ് രക്ഷപ്പെട്ടത്. സുഹൃത്തിെൻറ സഹായത്തോടെ ചാത്തമ്പാട്ടെ ഒളിയിടത്തിലാണ് ഇവരെത്തിയത്. എന്നാൽ പൊലീസ് അേന്വഷണം ശക്തമാക്കിയതിനാൽ രക്ഷപ്പെടുക പ്രയാസമാണെന്നും കീഴടങ്ങുകയാണ് നല്ലതെന്നും സുധീഷ് ഉണ്ണിയോടും മുട്ടായി ശ്യാമിനോടും ഒട്ടകം രാജേഷ് പറഞ്ഞു. തുടർന്ന് ഒളിയിടം ഒരുക്കാൻ സഹായിച്ച സുഹൃത്ത് മുഖേന തങ്ങൾ കീഴടങ്ങാൻ പോകുന്നുവെന്ന് പൊലീസിനെ അറിയിച്ചു. വിവരം കിട്ടിയ ഉടൻ ഒളിയിടത്തിലെത്തി പ്രതികളെ പിടികൂടാൻ പൊലീസ് തീരുമാനിച്ചു. ഇതനുസരിച്ച് ഒളിസങ്കേതം പൊലീസ് വളഞ്ഞെങ്കിലും രാജേഷ് അവിടെനിന്ന് മുങ്ങുകയായിരുന്നു. രക്ഷപ്പെടാൻ രാജേഷ് ഒരുക്കിയ നാടകമാണ് കീഴടങ്ങൽ പദ്ധതിയെന്ന് പൊലീസ് കരുതുന്നു. ഇയാൾ തമിഴ്നാട്ടിലേക്കാണ് മുങ്ങിയതെന്ന് സൂചന ലഭിച്ച പൊലീസ് തെരച്ചിൽ അവിടേക്ക് വ്യാപിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് ഇന്ന് പുലർച്ചെ അന്വേഷണസംഘം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.