പോത്തൻകോട് കൊലപാതകം: ആറുപേർ പിടിയിൽ, സുധീഷിെൻറ ഭാര്യാസഹോദരനും പ്രതിപ്പട്ടികയിൽ
text_fieldsപോത്തൻകോട്: കല്ലൂരിൽ ഗുണ്ടാസംഘം വീടുകയറി യുവാവിനെ ക്രൂരമായി വെട്ടിക്കൊന്ന സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ. വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ (23), വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശി സച്ചിൻ (24), കന്യാകുളങ്ങര കുനൂർ സ്വദേശി സൂരജ് (23) എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് അേന്വഷണസംഘത്തിെൻറ പിടിയിലായത്. ചിറയിൻകീഴ് ശാസ്തവട്ടം സ്വദേശികളായ നന്ദീഷ് (22), നിതീഷ് (24), കണിയാപുരം സ്വദേശി രഞ്ജിത്ത് (28) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആകെ പിടിയിലായവരുടെ എണ്ണം ആറായി. മൊത്തം 11 പേരാണ് കേസിലെ പ്രതികൾ. പിടികൂടാനുള്ള അഞ്ചുപേർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് പിടിച്ചെടുത്തു.
കൊല്ലപ്പെട്ട സുധീഷിെൻറ ഭാര്യാസഹോദരൻ മിഠായി ശ്യാം എന്ന ശ്യാമിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. സുധീഷിെൻറ ഒളിത്താവളത്തെക്കുറിച്ചും രക്ഷപ്പെടാൻ സാധ്യതയുള്ള വഴികളെക്കുറിച്ചും കൊലയാളി സംഘത്തിന് വിവരം നൽകിയത് ശ്യാമാണ്. കൊലക്ക് ശേഷം സംഘത്തോടൊപ്പം ഇയാളും മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ പിണക്കത്തിലായിരുന്നു.
കൊലപാതകത്തിൽ പങ്കുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ തിങ്കളാഴ്ച അറസ്റ്റിലായ പ്രതികളെ വെഞ്ഞാറമൂട് പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. വെഞ്ഞാറമൂട് മാർക്കറ്റ് റോഡിന് സമീപത്തെ ഒളിയിടത്തിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞദിവസം പിടിയിലായ നന്ദീഷ്, നിധീഷ്, ഓട്ടോ ഡ്രൈവർ രഞ്ജിത്ത് എന്നിവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊല്ലപ്പെട്ട സുധീഷിെൻറ സംഘം ആറ്റിങ്ങൽ മങ്കാട്ടുമൂലയിലെ വീട് ആക്രമിച്ച് രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അവിടെയുണ്ടായിരുന്ന ശ്യാമിനും ഉണ്ണിക്കും മാതാവിനും നേർക്ക് നാടൻ ബോംബെറിഞ്ഞിരുന്നു. ബോംബ് പൊട്ടാതിരുന്നതിനാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിെൻറ വൈരാഗ്യമാകാം കൊലക്ക് കാരണമെന്നാണ് പൊലീസ് കരുതുന്നത്.
2012ൽ ആറ്റിങ്ങലിൽ നടന്ന ഒട്ടകം രാജേഷിെൻറ അനുജെൻറ കൊലപാതകക്കേസിൽ സുധീഷും ജയിലിൽ കിടക്കുന്ന അനുജനും ഉൾപ്പെട്ടിരുന്നതായും അതിെൻറ പകയാണ് ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നും സ്പെഷൽ ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.
അക്രമികളെ സംഘടിപ്പിച്ച് കൊലക്ക് നേതൃത്വം നൽകിയത് ഒട്ടകം രാജേഷാണെന്ന് അേന്വഷണ സംഘം കണ്ടെത്തി. ആറ്റിങ്ങൽ മങ്കാട്ടുമൂലയിൽ നടന്ന രണ്ട് അക്രമസംഭവങ്ങളുടെ തുടർച്ചയാണ് കല്ലൂരിലെ കൊലപാതകമെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും തിരുവനന്തപുരം റൂറൽ പൊലീസ് സൂപ്രണ്ട് വി.കെ. മധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.