ഞെട്ടിക്കുളം കൂട്ടമരണം: കുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതെന്ന് സൂചന
text_fieldsഎടക്കര (മലപ്പുറം): നിലമ്പൂരിനടുത്ത് പോത്തുകല്‍ ഞെട്ടിക്കുളത്ത് അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുട്ടികൾക്ക് വിഷം നൽകിയതായി സൂചന. ഭക്ഷണത്തില്‍ വിഷം നല്‍കിയ മക്കളെ കെട്ടിത്തൂക്കി മാതാവ് ജീവനൊടുക്കിയതാണെന്നാണ് സംശയം.
ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരെൻറ ഭാര്യ രഹ്ന (35), മക്കളായ ആദിത്യന്‍ (13), അര്‍ജുന്‍ (11), അഭിനവ് (ഒമ്പത്) എന്നിവരാണ് മരിച്ചത്. കുട്ടികളില്‍ വിഷം അകത്തുചെന്നതിെൻറ അടയാളങ്ങളുണ്ട്. കൃത്യം നടത്താനുള്ള കാരണം വ്യക്തമല്ല. പനങ്കയം കൂട്ടംകുളത്തെ വാടകവീട്ടില്‍ ഞായറാഴ്ച രാവിലെ 11ഒാടെയാണ് മൃതദേഹങ്ങൾ കണ്ടത്.
കോഴിക്കോട് പേരാമ്പ്രയില്‍ ടാപ്പിങ് തൊഴിലാളിയായ ബിനേഷ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. രഹ്ന ഫോണെടുക്കാത്തതിനെ തുടര്‍ന്ന് ബിനേഷ് വിളിച്ചറിയിച്ചതനുസരിച്ച് അയൽവാസിയായ സ്ത്രീ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാർ ചവിട്ടിത്തുറന്നാണ് അകത്ത് കടന്നത്. പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥിെൻറ നേതൃത്വത്തിൽ നാലുപേരെയും പോത്തുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇവര്‍ തുടിമുട്ടിയിലെ വീട്ടില്‍നിന്ന് ആറുമാസം മുമ്പാണ് ഞെട്ടിക്കുളത്തെ വാടകവീട്ടിലേക്ക് താമസം മാറ്റിയത്. ഒരാഴ്ച മുമ്പാണ് ബിനേഷ് ജോലി സ്ഥലത്തേക്ക് പോയത്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിൽ. കോവിഡ് പരിശോധനക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. രഹ്നയുടെ മൊബൈല്‍ ഫോണുൾപ്പെടെ കൂടുതൽ പരിശോധനക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.