അതിദാരിദ്ര സർവേ രണ്ടുജില്ലകളിൽ പൂർണം
text_fieldsതൃശൂർ: അഞ്ചുവർഷത്തിനകം ദാരിദ്ര്യം ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾക്കായുള്ള അതിദാരിദ്ര്യ സർവേ പൂർത്തിയായത് രണ്ട് ജില്ലകളിൽ മാത്രം. 86.12 ശതമാനം മാത്രമാണ് ബുധനാഴ്ച വരെ പൂർത്തിയായത്.
കോട്ടയം, തൃശൂർ ജില്ലകളിലാണ് സർവേ പൂർണം. തിരുവനന്തപുരം ജില്ലകളിലാണ് കുറവ് പങ്കാളിത്തം. 63.99 ശതമാനം മാത്രമാണ് ഇവിടെ പൂർത്തിയായത്. കോർപറേഷനുകളിൽ തിരുവനന്തപുരത്താണ് ഏറ്റവും കുറഞ്ഞ സർവേ പങ്കാളിത്തം. ജനുവരിക്ക് മുമ്പ് സർവേ പൂർത്തിയാക്കണമെന്നായിരുന്നു തദ്ദേശ വകുപ്പ് നിർദേശം.
വിട്ടുനിൽക്കുമെന്ന കൃഷി, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പുകളുടെ ഭീഷണിക്കിടെയാണ് സർവേ പുരോഗമിക്കുന്നത്. തദ്ദേശ വകുപ്പ് അധിക ചുമതല ഏറ്റെടുത്താണ് ഇവ പൂർത്തിയാക്കിവരുന്നത്.
കുടുംബശ്രീ, രാഷ്ട്രീയ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന ഫോക്കസ് ഗ്രൂപ്പുകൾ വാർഡുതലത്തിൽ ആദ്യഘട്ട സർവേ നടത്തിയശേഷം പ്രീ എന്യുമറേഷൻ, എന്യുമറേഷൻ, സൂപ്പർ ചെക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഗുണഭോക്തൃ മാനദണ്ഡത്തിൽ കൃത്യത വരുത്തിയാണ് സർവേ പുരോഗമിക്കുന്നത്. പല ജില്ലകളിലും േബ്ലാക്കുതല ഓഫിസർമാരുടെ നേതൃത്വത്തിൽ സൂപ്പർ ചെക്ക് നടത്തുന്ന ഘട്ടത്തിലാണ്. സർവേ പൂർത്തിയാക്കിയശേഷം ഗ്രാമസഭ-വാർഡ് സഭകളുടെ അംഗീകാരത്തിനും തിരുത്തലുകൾക്കും ശേഷമാണ് തദ്ദേശ തലത്തിൽ ലിസ്റ്റ് പാസാക്കുന്നത്. അതിനാൽ ഇപ്പോൾ ലഭ്യമായ ഗുണഭോക്താക്കളുടെ എണ്ണത്തിലും വ്യത്യാസം വന്നേക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 90 ശതമാനത്തിൽ കൂടുതൽ സർവേ പൂർത്തിയാക്കിയത് അഞ്ച് ജില്ലകളാണ്. ആലപ്പുഴ (96.48), കോഴിക്കോട് (98.08), ഇടുക്കി (95.78), വയനാട് (93.25), എറണാകുളം (90.57), പാലക്കാട് (77.19), കണ്ണൂർ (84.54), പത്തനംതിട്ട (81.16), കാസർകോട്(73.98), മലപ്പുറം ( 89.17). തിരുവനന്തപുരത്തിന് പിറകെ കൊല്ലം ജില്ലയാണ് സർവേയിൽ കുറവ് പങ്കാളിത്തം (72.12).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.