വേനലിലെ വൈദ്യുതി പ്രതിസന്ധി: മുന്നൊരുക്കം ഊർജിതമാക്കി കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: വേനൽചൂടിൽ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയരാനുള്ള സാഹചര്യത്തിൽ മുന്നൊരുക്കം ഊർജിതമാക്കി കെ.എസ്.ഇ.ബി. കൈമാറ്റ കരാറുകൾ (ബാങ്കിങ്) വഴി വിവിധ സംസ്ഥാനങ്ങളിൽനിന്ന് കഴിയുന്നത്ര വൈദ്യുതി എത്തിക്കാനാണ് ശ്രമം. പഞ്ചാബുമായും യു.പിയുമായും കരാറിന് ഇതിനകം ധാരണയായിട്ടുണ്ട്. റെഗുലേറ്ററി കമീഷന്റെ അനുമതി തേടിയ ശേഷമായിരിക്കും തുടർനടപടി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാകാൻ സാധ്യതയുള്ള മാർച്ച്-മേയ് വരെയുള്ള മാസങ്ങളിൽ ബാങ്കിങ് വഴി എത്തിക്കാനും കേരളത്തിൽ ആവശ്യകത കുറവുള്ള ജൂൺ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിൽ തിരികെ നൽകാനുമാണ് ഉദ്ദേശിക്കുന്നത്. ജമ്മു-കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽനിന്ന് വൈദ്യുതി എത്തിക്കാനും ശ്രമമുണ്ട്.
കഴിഞ്ഞ വേനൽക്കാലം വൈദ്യുതി വിതരണ മേഖലയിൽ വലിയ പ്രതിസന്ധി വന്നിരുന്നു. പ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലായിരുന്നെങ്കിലും പ്രാദേശിക നിയന്ത്രണം വേണ്ടിവന്നു. ഉയർന്ന ആവശ്യകത വഹിക്കാൻ വിതരണ ശൃംഖലക്ക് കഴിയാതെ വന്നതാണ് കാരണം. കഴിഞ്ഞ വർഷം കരാറുകൾ പ്രകാരമുള്ള വൈദ്യുതി ലഭ്യതക്ക് കാര്യമായ കുറവുണ്ടായില്ലെങ്കിലും ട്രാൻസ്ഫോർമറുകൾ അമിത ലോഡിൽ തകരാറിലാകുന്നതടക്കം തടസ്സമുണ്ടായി.
ഇത്തവണ ഉപയോഗം കൂടിയാലും വിതരണം തടസ്സപ്പെടാതിരിക്കാൻ വിതരണ ശൃംഖലയിൽ ക്രമീകരണം നടത്തുന്നുണ്ട്. മാർച്ചിൽ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂനിറ്റിലെത്താനാണ് സാധ്യത. നിലവിൽ പ്രതിദിന ഉപയോഗം 95 ദശലക്ഷം യൂനിറ്റിനരികെയാണ്. കഴിഞ്ഞ മേയ് മൂന്നിനാണ് (115.94 ദശലക്ഷം യൂനിറ്റ്) സംസ്ഥാനത്ത് റെക്കോഡ് ഉപയോഗമുണ്ടായത്. മേയ് രണ്ടിന് പീക്ക് സമയ വൈദ്യുതി ഉപയോഗവും 5797 മെഗവാട്ട് എന്ന റെക്കോഡിലെത്തി. ഇക്കുറി ഇതിനെക്കാൾ ഉയർന്ന ഉപയോഗ സാധ്യത കെ.എസ്.ഇ.ബി മുന്നിൽ കാണുന്നു.
ദീർഘകാല കരാർ: ഒരു വർഷത്തിനുശേഷം അപേക്ഷ പരിഗണിച്ച് റെഗുലേറ്ററി കമീഷൻ
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയ നാല് ദീർഘകാല കരാർ റദ്ദാക്കലുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷ ഒരു വർഷത്തിനുശേഷം റെഗുലേറ്ററി കമീഷൻ പരിഗണിക്കുന്നു. ജിൻഡാൽ പവർ കോർപറേഷൻ ആവശ്യപ്പെട്ട പണം നൽകിയാൽ നാല് കരാറുകളിലൊന്നിൽനിന്ന് 150 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ജനുവരിയിലാണ് കെ.എസ്.ഇ.ബി അപേക്ഷ നൽകിയത്. ഇത്ര കാലം അപേക്ഷ പരിഗണിക്കാതിരുന്ന കമീഷൻ അടുത്തമാസം ആദ്യം ഇതിൽ തെളിവെടുക്കും. 150 മെഗാവാട്ട് ലഭ്യമാക്കാനായാൽ നിലവിലെ പ്രതിസന്ധിക്ക് കുറച്ചെങ്കിലും ആശ്വാസമാകുമെന്നാണ് കെ.എസ്.ഇ.ബി വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.