വൈദ്യുതി ഉൽപാദിപ്പിക്കുന്ന മൂലമറ്റത്ത് വൈദ്യുതിമുടക്കം പതിവ്
text_fieldsമൂലമറ്റം: വൈദ്യുതി ഉൽപാദിപ്പിച്ച് സംസ്ഥാനത്താകെ വിതരണം ചെയ്യുന്ന മൂലമറ്റത്ത് വൈദ്യുതി മുടക്കം പതിവാകുന്നു.കഴിഞ്ഞ ഒരാഴ്ചയോളമായി വൈദ്യുതി തുടർച്ചയായി മുടങ്ങുകയാണ്. ഞായറാഴ്ച 25ലധികം തവണ വൈദ്യുതി നിലച്ചു. ഇത് വ്യാപാരികളെയും നാട്ടുകാരെയും കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്.
വൈദ്യുതി മുടങ്ങുന്നതുമൂലം പല സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലക്കുന്ന അവസ്ഥയുണ്ട്. ബേക്കറികളിലും ഹോട്ടലുകളിലും ഭക്ഷണസാധനങ്ങൾ കേടാകുന്നതുമൂലം വലിയനഷ്ടമാണ് വ്യാപാരികൾക്കുണ്ടാകുന്നത്. വ്യാപാരസ്ഥാപനങ്ങളിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ത്രാസ് ആണ് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി മുടങ്ങി ഏതാനും മണിക്കൂർ കഴിയുന്നതോടെ ത്രാസുകളുടെ പ്രവർത്തനം നിലച്ച് വ്യാപാരം തുടരാനാവാത്ത സാഹചര്യമാകും.
സർക്കാർ ഓഫിസുകളിലെ പ്രശ്നവും ഇതുതന്നെ. ഇടക്കിടെ വൈദ്യുതി മുടങ്ങുന്നതിനാൽ ഒട്ടേറെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും തകരാറിലാകുന്നുണ്ട്. പല വീട്ടിലും ഇതേ സ്ഥിതിയുണ്ടായി.വൈദ്യുതിലൈനുകൾ പലതും മരച്ചില്ലകൾ മുട്ടിയാണ് കടന്നുപോകുന്നത്. കാറ്റടിക്കുമ്പോൾ ഇവ ലൈനിൽ തട്ടി വൈദ്യുതി മുടങ്ങുകയാണ്.
സെക്ഷൻ ഓഫിസിന് മുൻവശത്തെ ട്രാൻസ്ഫോർമറിലെ ഫ്യൂസ് പോയാലും ഉപഭോക്താക്കൾ വിളിച്ചറിയിച്ചാലേ ഓഫിസിൽ വിവരം അറിയൂ. മുമ്പ് ഈ ട്രാൻസ്ഫോർമറിലെ വൈദ്യുതി വിതരണം മുടങ്ങിയാൽ ഓഫിസിൽ അറിയാൻ മാർഗമുണ്ടായിരുന്നതാണ്. കാലങ്ങളായി ഈ സംവിധാനം പ്രവർത്തിക്കുന്നില്ല. വൈദ്യുതി തടസ്സം പതിവാകുന്നത് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
മഴക്കാറുകണ്ടാൽ മാങ്കുളം ഇരുട്ടിൽ
അടിമാലി: വേനലില്‍ തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും അത്ര പ്രതീക്ഷയോടെയല്ല മാങ്കുളത്തുകാർ മഴക്കാലം കാത്തിരിക്കുന്നത്.മാനത്ത് കാറുകണ്ടാല്‍ നാട് ഇരുട്ടിലാകുമെന്നതാണ് കാരണം. ചാറുമ്പോള്‍ തുടങ്ങുന്ന വൈദ്യുതിയുടെ ഒളിച്ചുകളി മഴ കനക്കുന്നതോടെ പൂർണമാകും. മഴ തോര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നത്. വേനല്‍മഴ പൊടിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ ഇതാണ് അവസ്ഥയെങ്കിൽ മഴക്കാലം വന്നാൽ സ്ഥിതി സങ്കീർണമാകും.
ചിത്തിരപുരം ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന്‍ കീഴിലാണ് മാങ്കുളം. സബ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഒരു ഓഫിസ് മാങ്കുളത്തുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. കുരിശുപാറയില്നിന്ന് വിരപ്പാറവരെ ഏലക്കാട്ടിലൂടെയാണ് മാങ്കുളത്തേക്ക് വൈദ്യുതി എത്തിക്കുന്നത്. ഇവിടെ മരങ്ങള്‍ വീണ് വൈദ്യുതി മുടങ്ങുന്നതും മരച്ചില്ലകള്‍ വീണ് ലൈൻ തകരാറാവുന്നതും പതിവാണ്.
വൈദ്യുതി മടക്കത്തിന്റെ കാര്യമറിയാന്‍ ഓഫിസിലേക്കു വിളിച്ചാല്‍ ഫോണും നിശ്ചലമാണെന്നു നാട്ടുകാര്‍ പറയുന്നു. അടിക്കടി വൈദ്യുതി വിതരണം നിലക്കുന്നതുമൂലം വ്യാപാരശാലകള്‍, പ്രത്യേകിച്ച് മെഡിക്കല്‍ സ്റ്റോര്‍, ബേക്കറികള്‍, ഇറച്ചി-മീന്‍ വില്പനശാലകള്, ഫോട്ടോസ്റ്റാറ്റ്-ഡി.ടി.പി സെന്ററുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്.
മാങ്കുളത്ത് സബ്സ്റ്റേഷന് സ്ഥാപിക്കുകയും ചിത്തിരപുരത്തുനിന്ന് മണ്ണിനടിയിലൂടെ വൈദ്യുതി എത്തിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഞായറാഴ്ച ഉണ്ടായ ഇടിമിന്നലില്‍ മേഖലയില്‍ വൈദ്യുതി മുടങ്ങി. വാഹനമില്ലാത്തതിനാല്‍ എല്ലായിടത്തും എത്തി തകരാര്‍ പരിഹരിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.