ചാൻസലറുടെ അധികാരം പരിമിതം; കലാമണ്ഡലത്തിൽ 'പിടിമുറുക്കാൻ' ഗവർണർക്കാകില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ പിടിമുറുക്കാൻ ചാൻസലറായ ഗവർണർ വഴിതേടുമ്പോഴും കൽപിത സർവകലാശാലയായ കലാമണ്ഡലത്തിൽ ചാൻസലർക്കുള്ള അധികാരങ്ങൾ പരിമിതം. കലാമണ്ഡലത്തിൽനിന്ന് പിരിച്ചുവിട്ട പബ്ലിസിറ്റി ആൻഡ് റിസർച് ഓഫിസറെ (പി.ആർ.ഒ) തിരിച്ചെടുക്കാനുള്ള ചാൻസലറുടെ ഉത്തരവ് മാസങ്ങളായിട്ടും നടപ്പാക്കുന്നതിനുള്ള തടസ്സവും പരിമിതാധികാരമാണ്.
സംസ്ഥാനത്തെ മറ്റ് സർവകലാശാലകളുടെ കാര്യത്തിൽ ചാൻസലറായ ഗവർണർ പരമാധികാരിയാണെങ്കിൽ കൽപിത സർവകലാശാലയിൽ ഇറങ്ങിക്കളിക്കാനുള്ള അധികാരം ഗവർണർക്കില്ല. ചാൻസലർക്കുള്ള അധികാരം എന്തൊക്കെയെന്ന് വ്യക്തത തേടി കഴിഞ്ഞ നവംബർ രണ്ടിന് മുഴുവൻ സർവകലാശാലകൾക്കും രാജ്ഭവനിൽനിന്ന് കത്തയച്ചിരുന്നു. ഇതുപ്രകാരം മുഴുവൻ സർവകലാശാലകളും ബന്ധപ്പെട്ട നിയമപ്രകാരമുള്ള അധികാരങ്ങൾ വ്യക്തമാക്കി മറുപടി നൽകിയിട്ടുണ്ട്. കലാമണ്ഡലത്തിൽനിന്ന് ഇതുസംബന്ധിച്ച് മറുപടി ലഭിച്ചതായാണ് വിവരം.
കൽപിത സർവകലാശാലകൾക്ക് ബാധകമായ 2019ലെ യു.ജി.സി റെഗുലേഷൻ തന്നെയാണ് കലാമണ്ഡലത്തിനും ബാധകം. റെഗുലേഷൻ പ്രകാരം രണ്ട് പ്രധാന അധികാരങ്ങളാണ് ചാൻസലർക്കുള്ളത്. സർവകലാശാലയുടെ സ്പോൺസറിങ് ബോഡിയാണ് ചാൻസലറെ നിയമിക്കേണ്ടത്. സർവകലാശാലയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ അധികാരികളെ നാമനിർദേശം ചെയ്യലാണ് ചാൻസലറുടെ പ്രധാന അധികാരങ്ങളിലൊന്ന്. ഇതിനു പുറമെ സർവകലാശാലയുടെ ബിരുദദാന സമ്മേളനത്തിൽ ഹാജരുണ്ടെങ്കിൽ അധ്യക്ഷത വഹിക്കേണ്ടതും ചാൻസലറാണ്.
റെഗുലേഷൻ പ്രകാരം അന്തിമ തീരുമാനമെടുക്കാൻ അധികാരമുള്ള സമിതി ബോർഡ് ഓഫ് മാനേജ്മെന്‍റാണ്. സർവകലാശാലയുടെ മുഖ്യഘടകവും ഉന്നത നിർവഹണ സമിതിയും ബോർഡ് ഓഫ് മാനേജ്മെന്‍റാണ്. പി.ആർ.ഒയെ പിരിച്ചുവിടാൻ തീരുമാനമെടുത്തതും ബോർഡ് ഓഫ് മാനേജ്മെന്‍റാണ്. ഈ സാഹചര്യത്തിലാണ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന നിർദേശം കലാമണ്ഡലം വി.സി തള്ളിയതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.