തൊട്ടരികെ വൈദ്യുതി ലൈൻ, വീടുകൾ, ദേശീയപാത; വൻദുരന്തത്തിൽനിന്ന് രക്ഷയായത് പൈലറ്റിന്റെ മിടുക്ക്
text_fieldsകൊച്ചി: തൊട്ടരികെ വൈദ്യുതി ലൈൻ, ഇടതുഭാഗത്ത് വർക്ഷോപ്, വലതുഭാഗത്ത് വീടുകൾ, മുന്നിൽ ദേശീയപാത... പ്രമുഖ വ്യവസായി എം.എ. യൂസുഫലിയും ഭാര്യയും ഉൾപ്പെടെ ഏഴ് പേർ യാത്ര ചെയ്ത ഹെലികോപ്ടർ ഇടിച്ചിറക്കിയത് ഇവക്കിടയിലെ 30 സെൻറ് ചതുപ്പിൽ. ഒരുമീറ്റർ മാറിയാൽ പോലും വൻ ദുരന്തത്തിൽ കലാശിക്കുമായിരുന്ന അപകടത്തിൽനിന്ന് രക്ഷയായത് പൈലറ്റിൻ മിടുക്കും യാത്രക്കാരുടെ ഭാഗ്യവും.
പൈലറ്റുമാരായ അശോക്, ശിവകുമാർ എന്നിവരാണ് ഹെലികോപ്ടർ നിയന്ത്രിച്ചത്. പെട്ടന്നുണ്ടായ കനത്തമഴയും കാറ്റുമുള്ള സമയത്താണ് ഹെലികോപ്ടർ പനങ്ങാട് ആശുപത്രിക്ക് സമീപത്തെത്തുന്നത്. ഈ സമയത്ത് ഹെലികോപ്ടറിെൻറ തകരാർ ശ്രദ്ധയിൽപ്പെട്ടിരിക്കാമെന്നാണ് നിഗമനം.
നൂറുമീറ്റർ അകലത്തിൽ കുഫോസ് കാമ്പസിനോടനുബന്ധിച്ച് മൈതാനമുണ്ടെങ്കിലും ഇവിടേക്ക് ലാൻഡ് ചെയ്യാൻ എത്തിക്കാതിരുന്നത് തകരാർ ഗുരുതരമാണെന്നതിെൻറ സൂചനയാണ്. ഒരുമീറ്റർ വ്യത്യാസം മാത്രമാണ് ചുറ്റുമതിലുമായുള്ളത്. പിഴവില്ലാത്ത ലാൻഡിങ്ങും സ്ഥലം ചതുപ്പായതും തീപിടിത്ത സാധ്യത ഒഴിവാക്കി.
പ്രാഥമിക പരിശോധന നടത്തി
ഹെലികോപ്ടർ ചെന്നൈയിൽനിന്നുള്ള വിദഗ്ധസംഘം പരിശോധിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ സേഫ്റ്റി ഓഫിസർ വീരരാഘവെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക പരിശോധന നടത്തിയത്. വെള്ളം നിറഞ്ഞതിനാൽ അകത്തുകയറി പരിശോധിക്കാനായില്ല.
ഹെലികോപ്ടർ ഭാഗങ്ങൾ അഴിച്ചുമാറ്റി നെടുമ്പാശ്ശേരിയിൽ എത്തിച്ച് വിദഗ്ധ പരിശോധന നടത്തും. സാങ്കേതികത്തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച ഹെലികോപ്ടർ ഇിവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റാനാണ് തീരുമാനമെന്ന് പനങ്ങാട് പൊലീസ് അറിയിച്ചു.
കാരണം സാങ്കേതിക തകരാർ?
നൂറ് മീറ്ററിനപ്പുറം ഫിഷറീസ് യൂനിവേഴ്സിറ്റിയുടെ മൈതാനമുണ്ടെങ്കിലും എം.എ യൂസുഫലിയുടെ ഹെലികോപ്ടർ ചതുപ്പിൽ ഇടിച്ചിറക്കാനുണ്ടായ കാരണം അതിസങ്കീർണമായ സാങ്കേതിക തകരാറെന്ന് സൂചന. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന നടത്തേണ്ടതുണ്ട്. നെട്ടൂർ സ്വദേശിയായ പീറ്ററിെൻറ ഉടമസ്ഥതയിലുള്ള 30 സെൻറ് വരുന്ന ചുറ്റുമതിലുള്ള ചതുപ്പിലേക്ക് ഹെലികോപ്ടർ പതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഗുരുതര തകരാർ സംഭവിച്ചിരിക്കാമെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
ദേശീയപാതയിൽനിന്ന് അമ്പത് മീറ്റർ പോലും അകലമില്ലാത്ത ഈ ഭൂമിക്ക് മുന്നിലൂടെ വൈദ്യുതിലൈനും കടന്നുപോകുന്നുണ്ട്. മാത്രമല്ല തൊട്ടരികിൽ ബസ് ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്തുന്ന വലിയ വർക്ഷോപ്പുമുണ്ട്. പനങ്ങാട് പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് ഈ സ്ഥലം. സ്റ്റേഷന് അരികിൽതന്നെയാണ് ഫിഷറീസ് യൂനിവേഴ്സിറ്റിയുടെ മൈതാനവും. ഇവിടെ ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്നുറപ്പായതോടെയാണ് ചതുപ്പിൽ ഇറക്കേണ്ടിവന്നതെന്നാണ് സൂചന.
ലാൻഡ് ചെയ്തശേഷവും പ്രൊപ്പല്ലറുകൾ അതിവേഗത്തിൽ തിരിഞ്ഞിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. അൽപസമയം കഴിഞ്ഞാണ് ഇത് നിലച്ചത്. അതുകഴിഞ്ഞാണ് സമീപവാസിയായ കുറ്റിക്കാട്ട് വീട്ടിൽ രാജേഷ് ഓടിയെത്തിയത്. ഇതിനിടെ പൈലറ്റ് പുറത്തിറങ്ങി. ഇയാൾക്കരികിലേക്ക് രാജേഷ് എത്തുകയും മറ്റുള്ളവരെ പുറത്തിറക്കുകയുമായിരുന്നു. മുട്ടോളം വെള്ളവും ചളിയുമുള്ള ചതുപ്പായതിനാൽ നടന്നെത്താനും ബുദ്ധിമുട്ടി. ലാൻഡ് ചെയ്യുന്ന ഭാഗം ഉൾപ്പെടെ വാതിൽവരെ ചതുപ്പിൽ പുതഞ്ഞ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.