കെ.എസ്.ഇ.ബി സമരത്തിൽ ഇടപെടില്ലെന്ന് വൈദ്യുതിമന്ത്രി; ചെയർമാൻ ചർച്ച നടത്തി പരിഹരിക്കും
text_fieldsകെ.എസ്.ഇ.ബി ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് ബോർഡ് ചെയർമാനാണ് ചർച്ച നടത്തി പരിഹാരം കാണുകയെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. സർക്കാറിന് ഇടപെടുന്നതിന് പരിധിയുണ്ടെന്നും മന്ത്രി പറഞ്ഞു. ചെയർമാനുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രി നേരിട്ട് ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ചെയർമാന്‍റെ തലത്തിൽ തന്നെ തീർക്കേണ്ടതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ. സമരം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ്.
പുതിയ നിയമപ്രകാരം ഏത് കമ്പനികൾക്ക് വേണമെങ്കിലും നിലവിലെ ലൈനിലൂടെ വൈദ്യുതി വിതരണം നടത്താം. വൈദ്യുതി ബോർഡിന്‍റെ ആവശ്യം തന്നെ ഇല്ലാത്ത നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എല്ലാവരും ഒന്നിച്ചുനിന്നുകൊണ്ടാണ് സ്ഥാപനം നിലനിൽക്കുന്നത്.
കുറഞ്ഞ വിലക്ക് മറ്റുള്ളവർ വൈദ്യുതി നൽകുമ്പോൾ ഉപഭോക്താക്കൾക്ക് ചാർജ് കൂട്ടി നൽകി കെ.എസ്.ഇ.ബിക്ക് നിലനിൽക്കാനാകില്ല. ചെലവ് ചുരുക്കി വേണം അവരുമായി മത്സരിക്കാൻ.
സമരം ജനങ്ങളെ ബാധിച്ചാൽ നഷ്ടം ബോർഡിനും ജീവനക്കാർക്കും സർക്കാറിനും തന്നെയാണ്. സ്വകാര്യ കമ്പനികൾ കാത്തിരിക്കുകയാണ്. അതിനാൽ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണം. ചെയർമാനും ജീവനക്കാരും ഒരുമിച്ച് പോകണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.