വൈദ്യുതി നിയന്ത്രണം ഒഴിവാക്കും; വൻ വിലയിൽ ആന്ധ്രയിൽനിന്ന് 250 മെഗാവാട്ട് വാങ്ങും
text_fieldsതിരുവനന്തപുരം: കോഴിക്കോട് ഡീസൽ നിലയത്തിൽ ഉൽപാദനം ആരംഭിച്ചും ആന്ധ്രയിൽ നിന്ന് 250 മെഗാവാട്ട് വലിയ വില കൊടുത്ത് വാങ്ങിയും വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെ.എസ്.ഇ.ബി. പരിമിത നിയന്ത്രണം ശനിയാഴ്ച ഒഴിവാക്കാനാവുമെന്നാണ് വിലയിരുത്തൽ.
ഉപഭോഗം കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്ന മേയ് മൂന്നിന് 400 മെഗാവാട്ട് കുറവ് പ്രതീക്ഷിക്കുന്നു. ഉപയോഗം കുറച്ച് പ്രതിസന്ധി മറികടക്കാൻ സഹകരിക്കണമെന്ന് ബോർഡ് ചെയർമാൻ ഡോ. ബി. അശോക് വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു. ഒക്ടോബർ വരെ പ്രതിസന്ധി നീണ്ടേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കായംകുളം എൻ.ടി.പി.സിയോട് പ്രവർത്തനം പുനരാരംഭിക്കുന്നതിന് സാധ്യത തേടി. അവർക്ക് 45 ദിവസം കഴിഞ്ഞാലേ ഉൽപാദനം ആരംഭിക്കാനാകൂ.
മധ്യപ്രദേശിൽ നിന്നാണ് നാഫ്ത എത്തേണ്ടത്. വ്യാഴാഴ്ച 15 മിനിറ്റ് നിയന്ത്രണം ചില ഫീഡറുകളിൽ ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച അതിലും കുറച്ചേ വേണ്ടിവന്നുള്ളൂ. ഏറെ നാളായി ഉൽപാദനം നിർത്തിയ കോഴിക്കോട് നല്ലളത്ത് 90 മെഗാവാട്ട് ഉൽപാദനം ആരംഭിച്ചു. ഇവിടെ കൂടുതൽ ഡീസൽ വാങ്ങാൻ നാല് കോടി അനുവദിച്ചു. 11 രൂപ വരെയാണ് യൂനിറ്റിന് ഉൽപാദന ചെലവ്. 20 രൂപ നിരക്കിൽ 250 മെഗാവാട്ടാണ് ആന്ധ്രയിൽ നിന്ന് വാങ്ങുക. 50 കോടി രൂപ ഇതിന് അധിക ബാധ്യത വരും.
ദേശീയതലത്തിൽ കൽക്കരിക്ഷാമമാണ് പ്രതിസന്ധിക്ക് കാരണം. റഷ്യ-യുക്രെയ്ൻ യുദ്ധവും കൽക്കരി ലഭ്യതയെ ബാധിച്ചു. സംസ്ഥാനത്ത് എത്തുന്ന വൈദ്യുതിയിൽ 70 ശതമാനവും താപത്തിൽ നിന്നാണ്. 24 നിലയങ്ങളിൽ 19നെയും കൽക്കരിക്ഷാമം ബാധിച്ചു. സംസ്ഥാനത്തിന് വൈദ്യുതി തന്നിരുന്ന ബാൽക്കോയിൽനിന്ന് 100 മെഗാവാട്ടിന്‍റെ കുറവ് വന്നു. മൂഴിയാർ, ലോവർ പെരിയാർ നിലയങ്ങളിൽ രണ്ട് ജനറേറ്റർ അറ്റകുറ്റപ്പണിയായതിൽ 120 മെഗാവാട്ടും കുറഞ്ഞു.
നേരത്തേ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയ വ്യവസായങ്ങൾ അവിടെ വില കൂടിയതോടെ കെ.എസ്.ഇ.ബിയെ ആശ്രയിക്കാൻ ആരംഭിച്ചു. 314 മെഗാവാട്ടോളം കുറവ് ഇവ മൂലമുണ്ടായി. പീക്ക് സമയങ്ങളിലെ ഉപയോഗം കുറക്കാൻ വ്യവസായങ്ങൾക്ക് നിർദേശം നൽകി. നിലവിൽ ലോഡ്ഷെഡിങ് ഇല്ല. ഫീഡർ നിയന്ത്രണം മാത്രമാണുള്ളത്. എൻ.ടി.പി.സി.എൽ, ഥാംബുവ പവർ ലിമിറ്റഡ്, മെജിയ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കേണ്ടതിൽ 78 മെഗാവാട്ട് മാത്രമാണ് ലഭിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.