വൈദ്യുതി ക്ഷാമം: സ്വാപ് ടെൻഡർ ഇന്ന് തുറക്കും
text_fieldsതിരുവനന്തപുരം: നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ അടുത്ത മൺസൂൺ സീസണിൽ തിരികെ കൊടുക്കാമെന്ന വ്യവസ്ഥയിൽ (സ്വാപ്) വൈദ്യുതി വാങ്ങുന്നതിനുള്ള ടെൻഡർ വ്യാഴാഴ്ച തുറക്കും. മഴ കുറയുകയും വൈദ്യുതി ഉപഭോഗം കൂടുകയും ചെയ്ത സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് സ്വാപ് വ്യവസ്ഥയിൽ വൈദ്യുതി വാങ്ങുന്നത്. സ്വാപ് ടെൻഡറിലൂടെ 500 മെഗാവാട്ടാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ക്ഷാമം പരിഹരിക്കുന്നതിന് മൂന്ന് മാസത്തേക്കുള്ള ഹ്രസ്വകാല കരാറിനുള്ള ടെൻഡർ ചൊവ്വാഴ്ച തുറന്നിരുന്നു. കൂടിയ നിരക്കാണ് ഈ ടെൻഡറിലുമുള്ളത്.
ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് 25 വർഷത്തേക്ക് മൂന്ന് സ്വകാര്യ കമ്പനികളുമായി 450 മെഗാവാട്ടിന്റെ ദീർഘകാല കാരാർ ഒപ്പിട്ടിരുന്നു. എന്നാൽ കരാർ നിലവിൽ വന്ന ഏഴുവർഷം പിന്നിട്ടപ്പോൾ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന ഈ കരാറിൽനിന്ന് പിന്മാറിയിരുന്നു. ഇതിലൂടെ 450 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തിനുള്ളത്. ഈ കുറവ് മറികടക്കുന്നതിന് 500 മെഗാവാട്ടിന്റെ ടെൻഡർ തിങ്കളാഴ്ച തുറന്നിരുന്നു. പങ്കെടുത്ത രണ്ട് കമ്പനികളും ഉയർന്ന വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.
വില കൈയിലൊതുങ്ങാത്ത സാഹചര്യത്തിൽ റദ്ദാക്കിയ കരാർ പുനരുജ്ജീവിപ്പിക്കാനും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണ്. നിയമപരവും സാമ്പത്തികവുമായി കാര്യങ്ങൾ പരിശോധിച്ച് ചീഫ് സെക്രട്ടറി മന്ത്രിസഭക്ക് റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര വൈദ്യുതി നിയമത്തിലെ വകുപ്പ് 108 അനുസരിച്ച് റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാറിന് നയപരമായി തീരുമാനമെടുത്ത് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെടാം. ഇക്കാര്യം കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നു. അതേസമയം സർക്കാർ ഇത്തരമൊരു തീരുമാനമെടുത്താലും സ്വകാര്യ കമ്പനികൾ പഴയ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുമോ എന്നതിൽ ഉറപ്പമൊന്നുമില്ല.
കെ.എസ്.ഇ.ബി വിളിച്ച മൂന്ന് ടെൻഡറുകൾ ഇങ്ങനെ:
1. ദീർഘകാല കരാർ റദ്ദാക്കിയത് മൂലം 450 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കുന്നതിന് വിളിച്ച ടെൻഡറാണ് ഇതിലൊന്ന്. 500 മെഗാവാട്ട് വൈദ്യുതി 5 വർഷത്തേക്ക് വാങ്ങുന്നതിനുള്ള ഈ ടെഡർ തിങ്കളാഴ്ച തുറന്നു. 500 മെഗാവാട്ടാണ് ആവശ്യമെങ്കിലും 403 മെഗാവാട്ട് വൈദ്യുതി നൽകാമെന്നാണ് രണ്ട് കമ്പനികളുടെയും വാഗ്ദാനം. ഇതിൽ അദാനി പവർ 303 മെഗാവാട്ട് 6.90 രൂപക്കും ഡിബി പവർ 100 മെഗാവാട്ട് 6.97 രൂപക്കും നൽകാമെന്നാണ് അറിയിച്ചത്.
2. മഴക്കുറവും കൂടിയ വൈദ്യുതി ഉപഭോഗവും മൂലമുണ്ടായ വൈദ്യുതിക്ഷാമം പരിഹരിക്കാൻ സെപ്റ്റംബർ, ഒക്ടോബർ, നവംബർ എന്നിങ്ങനെ മൂന്ന് മാസത്തേക്കുള്ള വൈദ്യുതി വാങ്ങലുള്ള ടെൻഡറാണ് രണ്ടാമത്തേത്. ചൊവ്വാഴ്ച തുറന്ന ഈ ടെൻഡറിൽ 12 കമ്പനികൾ പങ്കെടുത്തു. സെപ്റ്റംബറിൽ 150 മെഗാവാട്ടിന് 7.60 രൂപയും ഒക്ടോബറിൽ 100 മെഗാവാട്ടിന് 7.87 രൂപയും നവംബറിൽ 100 മെഗാവാട്ടിന് 6.95 രൂപയാണ് വില. റെഗുലേറ്ററി കമീഷനാണ് ഇക്കാര്യത്തിൽ ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.
3. വാങ്ങുന്ന വൈദ്യുതി അതേയളവിൽ തിരികെ നൽകുന്ന സ്വാപ് വ്യവസ്ഥയിലുള്ള വൈദ്യുതി വാങ്ങലാണ് മൂന്നാമത്തേത്. മഴക്കുറവും കൂടിയ വൈദ്യുതി ഉപഭോഗവും മൂലമുണ്ടായ വൈദ്യുതിക്ഷാമം പരിഹരിക്കാനാണിത്. ടെൻഡർ വ്യാഴാഴ്ച തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.