പവർ ബാങ്കുകൾക്ക് വിമാനത്തിൽ നിയന്ത്രണം
text_fieldsനെടുമ്പാശ്ശേരി: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പവർ ബാങ്കുകൾ വിമാനത്തിൽ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇവ ഒരു കാരണവശാലും ചെക്-ഇൻ ബാഗേജിൽ കൊണ്ടുപോകാൻ അനുവദിക്കില്ല. ഹാൻഡ് ബാഗേജിൽ വേണം സൂക്ഷിക്കാൻ. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവർ ബാങ്കുകൾക്ക് രണ്ട് ബാഗേജുകളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നാടൻ പവർ ബാങ്കുകളിലെ സെല്ലുകൾക്ക് പകരം സ്ഫോടകവസ്തുക്കൾ നിറക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്. പ്രമുഖ ബ്രാൻഡുകളിൽ മാറ്റങ്ങൾ വരുത്താൻ സാധ്യത കുറവായതിനാലാണ് അവ ഹാൻഡ് ബാഗേജിൽ കൊണ്ടുപോകാൻ അനുവദിക്കുന്നത്. ചെക്-ഇൻ ബാഗേജിൽ അവയും അനുവദനീയമല്ല. നിർദേശം മറികടന്ന് ചെക്-ഇൻ ബാഗേജിൽ പവർ ബാങ്ക് ഉൾപ്പെടുത്തിയാൽ കണ്ടുകെട്ടും. യാത്രക്കാരെ തുടർ പരിശോധനകൾക്കായി വിളിപ്പിക്കുകയും ചെയ്യും.
വിമാനത്തിൽ കൊറിയറായും കാർഗോയായും പവർ ബാങ്കുകൾ അയക്കുന്നതിനും നിരോധനമുണ്ട്. പ്രാദേശികമായി നിർമിക്കുന്ന പവർ ബാങ്കുകളിൽ നിശ്ചിത സംഭരണശേഷി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ സെല്ലുകൾക്ക് പുറമേ കളിമണ്ണ് ഉപയോഗിച്ചുള്ള വ്യാജ ബാറ്ററികൾ ഉപയോഗിക്കുന്നു. ഇവ അനായാസം തുറക്കാനാകും.
കളിമൺ ബാറ്ററികൾ മാറ്റി പകരം രാസവസ്തുകൾ നിറക്കാനും അവയെ സ്ഫോടക വസ്തുവായി ഉപയോഗിക്കാനും കഴിയും. മംഗലാപുരം വിമാനത്താവളത്തിൽ ഒരു യാത്രക്കാരനിൽനിന്ന്് ഇത്തരത്തിൽ മാറ്റം വരുത്തിയ പവർ ബാങ്ക് പിടിച്ചെടുത്തിരുന്നു.
ചെക്-ഇൻ ബാഗേജിൽ പ്രത്യേക അറയുണ്ടാക്കി ഘടിപ്പിച്ച പവർ ബാങ്കുകളും നാടൻ പവർ ബാങ്കുകളും കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.