മുദ്രാവാക്യങ്ങൾ നിലച്ച കാലം..
text_fieldsപത്തനംതിട്ട: ''കാറ്റുവരുന്നേ കാറ്റുവരുന്നേ, കാറ്റ് കൊടുങ്കാറ്റാവുേമ്പാൾ, ............ അറബിക്കടലിൽ'' ബുറെവിയെക്കുറിച്ചല്ല, ആവേശമായിരുന്ന ആ മുദ്രാവാക്യത്തെ കുറിച്ചാണ് പറയുന്നത്. കലാലയങ്ങളിലും തെരുവുകളിലും അത് ഏറ്റു വിളിച്ചും വിളിക്കുന്നത് കേട്ടും വളർന്നവരൊക്കെയാണ് ഇപ്പോൾ വീറോടെ പോരിനിറങ്ങിയിരിക്കുന്നത്. പക്ഷേ, എന്തു ചെയ്യാനാ.
റാലികളില്ലാത്ത, ഇൻക്വിലാബ് മുഴങ്ങാത്ത ചരിത്രത്തിലെ ആദ്യ തെരെഞ്ഞടുപ്പിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എന്നിരുന്നാലും ലഘുലേഖകളിലും നോട്ടീസുകളിലും പോസ്റ്ററുകളിലുമൊക്കെ മുദ്രാവാക്യങ്ങൾ ചേലോടെ ചേർത്തുെവച്ചാണ് സ്ഥാനാർഥികളുടെ ഭവന സന്ദർശനം.
ഇത്തവണ മാനംമുട്ടെ ഉയരുന്ന മുദ്രാവാക്യങ്ങളില്ലെങ്കിലും രാഷ്ട്രീയ കാറ്റ് തലങ്ങും വിലങ്ങും വീശുന്നുണ്ട്. ആെരയാവും അറബിക്കടലിൽ കണ്ടുമുട്ടുകയെന്നറിയാൻ 16വരെ കാത്തിരിക്കണം.
ഓരോ തെരെഞ്ഞടുപ്പ് കാലവും മുദ്രാവാക്യങ്ങളുടെ വസന്തകാലമാണ്. മുൻകാലങ്ങളിൽ പ്രവർത്തകരുടെ ഉള്ളിലെ ജ്വലിക്കുന്ന ആർജവത്തിൽനിന്ന് ഉയിർകൊള്ളുന്നവയായിരുന്നു മുദ്രാവാക്യങ്ങൾ.
അവക്ക് വെടിയുണ്ടയുടെ ശക്തിയുണ്ടായിരുന്നു. ഇപ്പോൾ മുദ്രാവാക്യവും തെരഞ്ഞെടുപ്പ് വാഗ്ദാനവും എല്ലാം നിശ്ചയിക്കുന്നത് ഇവൻറ് മാനേജ്മെൻറ്, പി.ആർ കമ്പനികളാണ്. അതോടെ മുദ്രാവാക്യങ്ങൾ മയക്ക്വെടികളായി എന്ന ആക്ഷേപമുണ്ട്. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ എൽ.ഡി.എഫിന് അധികാരം നേടിക്കൊടുത്തതിൽ മുഖ്യ പങ്കുവഹിച്ചതാണ് 'എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും' എന്ന മുദ്രാവാക്യം.
നാട്ടുമ്പുറങ്ങളിൽ ഒതുങ്ങുന്നവ മുതൽ നാടാകെ ഏറ്റു പിടിച്ചവ വരെ മുദ്രാവാക്യങ്ങളുടെ പട്ടിക റാലികളിലെ അണികളെ പോലെ നീളുന്നതാണ്. അവയിൽ ചരിത്രം രചിച്ചവ ഏറെയുണ്ട്. കേരളം നെഞ്ചേറ്റിയ ഏറ്റവും വലിയ മുദ്രാവാക്യമായിരുന്നു 'നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ' എന്നത്. അതിെൻറ ബലത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടികൾ അധികാരംവരെ പിടിച്ചത്.
''വരിക വരിക സഹജരേ, സഹന സമര സമയമായി.'' സ്വാതന്ത്ര്യ സമരകാലത്ത് അംശി നാരായണ പിള്ള എഴുതിയ ദേശഭക്തിഗാനത്തിലെ ഈ വരികൾ പിൽകാലത്ത് പാർട്ടി ഭേദമില്ലാതെ മിക്കവരും സമരമുഖങ്ങളിൽ ഏറ്റുവിളിച്ച മുദ്രാവാക്യമായി. രാജ്യമാകെ അലയടിച്ച മുദ്രാവാക്യമായിരുന്നു ഇന്ദിരാഗാന്ധിയുടെ 'ഗരീബി ഹഠാവോ'(ദാരിദ്ര്യം തുടച്ചു നീക്കൂ).
87ലെ തെരഞ്ഞെടുപ്പുകാലത്ത് കേരളമാകെ മുഴങ്ങിയതായിരുന്നു ''കേരംതിങ്ങും കേരളനാട്ടിൽ, കെ.ആർ. ഗൗരി ഭരിച്ചീടും'' എന്നത്. പക്ഷേ, അന്ന് മുഖ്യമന്ത്രിയായത് ഇ.കെ. നായനാരായിരുന്നു.
''ഇല്ലാ നിങ്ങൾ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ'' എന്നു കേട്ടാൽ ഉശിര് ഉണരാത്തയാൾ കമ്യൂണിസ്റ്റെല്ലന്ന് പറയാറുണ്ട്. അതിന് ''മൂഢമൂഢ വർഗമേ, കമ്യൂണിസ്റ്റു വർഗമേ, രക്തസാക്ഷി മണ്ഡപത്തിൽ കപ്പ നട്ട വർഗമേ, ആ കപ്പ വിറ്റ കാശു കൊണ്ടു പുട്ടടിച്ച വർഗമേ'' എന്ന മറുപടിയും കേരളം കേട്ടിട്ടുണ്ട്. ഇപ്പോൾ മുദ്രാവാക്യങ്ങളുടെ സ്ഥാനത്ത് ഗാനങ്ങളും വിഡിയോകളുമാണ് കൂടുതലായും ഇടംപിടിച്ചിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.