പൊഴുതന പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം; കായിക താരങ്ങളുടെ കാത്തിരിപ്പ് നീളുന്നു
text_fieldsപൊഴുതന: തോട്ടം മേഖലയായ പൊഴുതനയിലെ കായിക താരങ്ങൾക്ക് ആശ്രയമായിരുന്ന പഞ്ചായത്ത് മിനി സ്റ്റേഡിയം കാടുകയറി നശിക്കുന്നു.
നിലവിലെ മിനി സ്റ്റേഡിയം പൊളിച്ചുമാറ്റി ഇൻഡോർ സ്റ്റേഡിയത്തിന് മുൻ കൽപറ്റ നിയോജക മണ്ഡലം എം.എൽ.എയുടെ നേതൃത്വത്തിൽ 33 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടും നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളുകയാണ്. ഗ്രാമപഞ്ചായത്തിനു സമീപമുള്ള സ്റ്റേഡിയമാണ് കാടുമൂടുന്ന രീതിയിലുള്ളത്.
കായിക താരങ്ങൾക്ക് പരിശീലനത്തിനുൾപ്പെടെ പ്രയോജനപ്പെടുത്താൻ കഴിയുന്ന സ്റ്റേഡിയത്തിൽ ഫുട്ബാൾ കോർട്ട് മാത്രമാണ് കാടുകയറാതെ കിടക്കുന്നത്. കാടുകയറിയ സ്റ്റേഡിയത്തിന്റെ പരിസരപ്രദേശങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവുമുള്ളതായി നാട്ടുകാർ പറയുന്നു. നിലവിൽ പൊഴുതന പഞ്ചായത്തിലെ മിക്ക മൈതാനങ്ങളും സ്വകാര്യ എസ്റ്റേറ്റുകളോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ ഫുട്ബാൾ, ഷട്ടിൽ, വോളിബാൾ തുടങ്ങിയവ പരിശീലിക്കാൻ നൂറുകണക്കിന് പേരാണ് പൊഴുതനയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്നത്.
നേരത്തേ പല കായിക മത്സരങ്ങൾക്കും സ്റ്റേഡിയം ഉപയോഗിച്ചിരുന്നെങ്കിലും കാടുകയറിയതോടെ ഇതെല്ലാം നിലച്ചു. ഇപ്പോൾ ആകെ നടക്കുന്നത് വല്ലപ്പോഴും സ്വകാര്യ ക്ലബുകളുടെ മത്സരം മാത്രമാണ്.
സ്റ്റേഡിയത്തിലെ കാടുകൾ വെട്ടിത്തെളിച്ചാൽ കായിക താരങ്ങൾക്ക് പരിശീലനത്തിന് അടക്കം വിവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താം.
ഇവിടെ മുമ്പ് ഓപൺ സ്റ്റേജ് ഉണ്ടായിരുന്നത് പൊളിച്ചുമാറ്റി. സ്റ്റേജ് ഉണ്ടായിരുന്നെങ്കിൽ പൊതുപരിപാടികൾക്കും പ്രയോജനപ്പെടുത്താൻ കഴിയുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.