നിൽക്കക്കള്ളിയില്ലാതെ... പി.പി. ദിവ്യക്കെതിരായ നടപടി
text_fieldsകണ്ണൂര്: അധിക്ഷേപ വാക്കുകളിൽ മുറിവേറ്റ് എ.ഡി.എമ്മിന് ജീവനൊടുക്കേണ്ടിവന്ന സംഭവത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒടുവിൽ പുറത്ത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇവരെ നീക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം നിർദേശിച്ചതിനെ തുടർന്നാണ് ജില്ല സെക്രട്ടേറിയറ്റ് തീരുമാനം. രാവിലെ നടന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം സംസ്ഥാന നേതൃത്വത്തിന് വിടാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഉചിതമായ തീരുമാനം ജില്ല സെക്രട്ടേറിയറ്റ് തന്നെ കൈക്കൊള്ളാൻ സംസ്ഥാന നേതൃത്വം വൈകീട്ട് അറിയിച്ചതോടെ രാത്രി പത്തുമണിയോടെയാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.
പി.പി. ദിവ്യയെ ആദ്യഘട്ടത്തിൽ സംരക്ഷിക്കുന്ന നിലപാടെടുത്ത ജില്ല നേതൃത്വം, എ.ഡി.എം മരിച്ച് മൂന്നാം നാളിലാണ് പി.പി. ദിവ്യയെ കൈയൊഴിഞ്ഞത്. ദിവ്യ കാണിച്ചത് അപക്വമായ നിലപാടാണെന്നും ഒരുനിലക്കും പിന്തുണക്കാൻ കഴിയില്ലെന്നുമാണ് ജില്ല നേതൃത്വം സ്വീകരിച്ചത്. പത്തനംതിട്ട ജില്ല കമ്മിറ്റി ദിവ്യക്കെതിരെ ശക്തമായി നിലകൊണ്ടതിനാൽ വിഷയത്തിൽ തീരുമാനമെടുക്കുന്ന കാര്യം സംസ്ഥാന നേതൃത്വത്തിന് വിടാനും തീരുമാനിച്ചു. എ.ഡി.എമ്മിന് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ പോയതും അവിടെ വെച്ച് അദ്ദേഹത്തിനെതിരെ അഴിമതി ആരോപണമുന്നയിച്ചതും ശരിയായില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ദിവ്യയുടേത് സദുദ്ദേശ്യപരമായ പരാമർശമായിരുന്നുവെന്നും യാത്രയയപ്പ് വേളയിൽ പരാമർശം വേണ്ടിയിരുന്നില്ലെന്നുമാണ് കണ്ണൂർ നേതൃത്വം ആദ്യം കൈക്കൊണ്ട നിലപാട്.
എന്നാൽ, എ.ഡി.എമ്മിന്റെ മരണം സംസ്ഥാനത്ത് കടുത്ത പ്രതിഷേധത്തിന് കാരണമായതും ഇടത് സർവിസ് സംഘടനകൾ ഉൾപ്പടെ രംഗത്തുവന്നതും കാര്യങ്ങൾ കൈവിട്ടു. പാർട്ടികുടുംബാംഗമായ എ.ഡി.എമ്മിനെ അനുകൂലിച്ചും മരണത്തിന് കാരണമായ പരാമർശം നടത്തിയ ദിവ്യക്കെതിരെ നടപടി വേണമെന്ന നിലക്ക് സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി ശക്തമായ നിലപാട് എടുത്തു. ഇക്കാര്യം ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ളവർ സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി ഉൾപ്പടെയുള്ളവർ ദിവ്യക്ക് വീഴ്ചപറ്റിയെന്ന് വ്യക്തമാക്കി. വ്യാഴാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇതേ നിലപാട് ആവർത്തിച്ചു.എ.ഡി.എമ്മിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുക്കാമെന്ന നിയമോപദേശവും പൊലീസിന് ലഭിച്ചത്.
ആത്മഹത്യ പ്രേരണക്കുറ്റത്തില് കേസെടുത്തതോടെയാണ് ഇനി കാത്തിരിക്കേണ്ടെന്നും പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനും സി.പി.എം തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.