ദിവ്യക്കെതിരെ നടപടി: പിടിച്ചുനിൽക്കാൻ പാർട്ടി അടവുനയം
text_fieldsതിരുവനന്തപുരം: എ.ഡി.എമ്മിന്റെ ആത്മഹത്യയിൽ കുറ്റാരോപിതയായ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെയുള്ള പാർട്ടി നടപടിക്ക് അന്വേഷണ റിപ്പോർട്ട് വരും വരെ കാത്തിരിക്കാൻ സി.പി.എം തീരുമാനം. ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയും വിഷയത്തിൽ കണ്ണൂർ, പത്തനംതിട്ട ജില്ല കമ്മിറ്റികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന്റെ അടവുനയം.
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി ദിവ്യക്കെതിരെ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഈ ഘട്ടത്തിൽ പാർട്ടി തിടുക്കപ്പെട്ട് നടപടിയെടുക്കുന്നത് പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാൻ ഇടയാക്കുമെന്നാണ് ശനിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. മുമ്പും സമാന രീതിയിൽ പാർട്ടി നടപടി വൈകിപ്പിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റാരോപിതർക്കെതിരെ നടപടി നീണ്ടതിനു കാരണമായി അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ വിശദീകരിച്ചതും ഈ സമീപനമാണ്. നിയമസംവിധാനങ്ങൾ തീർപ്പ് കൽപ്പിക്കും മുമ്പ് പാർട്ടി സഖാക്കളെ അങ്ങോട്ടേക്ക് എറിഞ്ഞുകൊടുക്കേണ്ടതില്ലെന്നായിരുന്നു അന്നത്തെ നിലപാട്. ഇവിടെ സാഹചര്യം വ്യത്യസ്തമാണെങ്കിലും ഏറക്കുറെ സമാനമാണ് പാർട്ടി സമീപനം. അതേസമയം, പൊലീസ് അന്വേഷണത്തിന് സമാന്തരമായി തന്നെ സംഘടനാപരമായ പരിശോധനയുമുണ്ടാകും.
പദവിക്ക് നിരക്കാത്ത ഇടപെടലുണ്ടായി എന്ന വിലയിരുത്തലിലാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചുമതലയിൽനിന്ന് ദിവ്യയെ നീക്കിയതെന്ന് യോഗത്തിൽ സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിച്ചു. ജനപ്രതിനിധി എന്ന നിലയിലെ പൊതുധാർമികതയുടെ പേരിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. അന്വേഷണത്തിലെ കണ്ടെത്തലുകൾക്ക് അനുസരിച്ച് കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവ്യയുടെ ഇടപെടൽ സദുദ്ദേശ്യപരമെന്നായിരുന്നു കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആദ്യ വിശദീകരണം. എന്നാൽ, പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ കർക്കശ നിലപാടിനു ശേഷം ഈ വിശദീകരണം പിന്നീട് അവർ ആവർത്തിച്ചില്ല. അനുനയത്തിന്റെ ഭാഗമായി കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പത്തനംതിട്ടയിലെത്തുന്നതിലേക്കും കാര്യങ്ങളെത്തി.
ദിവ്യക്കെതിരെ അന്വേഷണ റിപ്പോർട്ട് വരുംവരെ നടപടിയില്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുമ്പോഴും പാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്നും പാർട്ടി നവീനൊപ്പമാണെന്നുമാണ് പത്തനംതിട്ട ജില്ല സെക്രട്ടറി ആവർത്തിച്ചത്.
ഒപ്പം ദിവ്യയെ അവിശ്വസിക്കേണ്ടതില്ലെന്ന ഡി.വൈ.എഫ്.ഐയുടെ നിലപാടും അദ്ദേഹം തള്ളിക്കളയുന്നു. നവീന്റെ കുടുംബത്തിനൊപ്പവും ഒപ്പം ദിവ്യക്കൊപ്പവും എന്നത് ഇരട്ടസമീപനമാണെന്നും അതു ശരിയല്ലെന്നുമാണ് അദ്ദേഹത്തിന്റെ പരസ്യവിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.