‘നവീൻ വിശുദ്ധനെങ്കിൽ എതിർക്കാതിരുന്നത് എന്തുകൊണ്ട്?’ -എ.ഡി.എമ്മിനെതിരെ വീണ്ടും പി.പി ദിവ്യ
text_fieldsതലശ്ശേരി: എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ ആത്മഹത്യ പ്രേരണ കേസിൽ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ശക്തമായ വാദം നിരത്തി പ്രോസിക്യൂഷനും നവീന്റെ കുടുംബവും. എന്നാൽ, വിശുദ്ധനെങ്കിൽ പ്രസംഗത്തിനിടെ എഡിഎമ്മിന് ഇടപെടാമായിരുന്നില്ലേയെന്നും അഴിമതിക്കെതിരായ നിലപാട് എന്ന നിലക്കാണ് പരസ്യ പ്രതികരണം നടത്തിയതെന്നും പി.പി. ദിവ്യ വാദിച്ചു. അതിന് ആത്മഹത്യയല്ല പരിഹാരമെന്നും ദിവ്യയുടെ അഭിഭാഷകൻ പറഞ്ഞു. മുൻകൂർ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാൻ തയാറാണെന്നും അഭിഭാഷകൻ അറിയിച്ചു. രാവിലെ 11.20ന് തുടങ്ങിയ വാദം കേൾക്കൽ ഒരുമണിക്കൂർ ഉച്ചഭക്ഷണ ഇടവേളക്കുശേഷം 3.25നാണ് അവസാനിച്ചത്. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ജാമ്യാപേക്ഷയിൽ വിധി പറയാൻ തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ഈ മാസം 29ന് മാറ്റി.
കലക്ടർ ക്ഷണിച്ചിട്ടാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിൽ പോയതെന്നും അഴിമതിക്കെതിരെ സംസാരിക്കുക മാത്രമാണ് ലക്ഷ്യമിട്ടതെന്നും ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ വാദിച്ചു. ‘കലക്ടർ അനൗപചാരികമായി യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചു. അഴിമതിക്ക് എതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് പ്രസംഗിച്ചത്. അഴിമതി നടത്തരുതെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. എഡിഎമ്മിന് ആശംസ നേർന്നു. കൂടുതൽ നന്നാകണം എന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യക്ക് കാരണമാകുമോ? വിജിലൻസ് ഓഫിസർ പ്രശാന്തിന്റെ മൊഴി എടുത്തിട്ടുണ്ട്. പ്രസംഗം കഴിഞ്ഞു ഒത്തിരി സമയം കഴിഞ്ഞാണ് ആത്മഹത്യ ചെയ്തത്. നവീൻ ബാബുവിന് ദിവ്യയെ നേരിട്ട് കാണാമായിരുന്നു. ആത്മഹത്യ ആയിരുന്നില്ല മാർഗം. പങ്കെടുത്തത് പൊതു പരിപാടിയിലാണ്. നടന്നത് രഹസ്യയോഗം അല്ല. താൻ പറയുന്നത് എല്ലാവരും അറിയണം എന്ന് കരുതിയാണ് പ്രാദേശിക ചാനലിനെ വിളിച്ചത്. തന്നെകുറിച്ച് പറയുന്നത് തെറ്റെങ്കിൽ അവിടെ വെച്ച് എതിർക്കാതെ നവീൻ ബാബുവിന് എന്താണ് മിണ്ടാതിരുന്നത്? വിശുദ്ധനെങ്കിൽ പ്രസംഗത്തിനിടെ എഡിഎമ്മിന് ഇടപെടാമായിരുന്നു. മുൻകൂർ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാൻ തയ്യാറാണ്. താനൊരു സ്ത്രീയാണ്. കുടുംബ ഉത്തരവാദിത്വം ഉണ്ട്. അത് പരിഗണിക്കണം. മുൻകൂർ ജാമ്യം അനുവദിക്കണം. ചെറിയ പെൺകുട്ടിയും രോഗിയായ പിതാവും ഉണ്ട്. ഇവ പരിഗണിക്കണം’ -ദിവ്യയുടെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു.
എന്നാൽ, യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയെത്തിയ പി.പി. ദിവ്യ എ.ഡി.എമ്മിനെതിരെ വ്യക്തിഹത്യ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് റിപ്പോർട്ട് ഉന്നയിച്ച് പ്രോസിക്യൂഷൻ വാദിച്ചു. പ്രാദേശിക ചാനലിന്റെ വിഡിയോഗ്രാഫറെയും ഏർപ്പാടാക്കിയാണ് ദിവ്യ യോഗത്തിന് എത്തിയത്. കൃത്യമായ ആസൂത്രണമാണിത്. വ്യക്തിഹത്യ കാരണം ജില്ല ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തെ ഉദ്യോഗസ്ഥനാണ് മരിച്ചത്. ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കുമെന്നും ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ തുടർന്നു.
ദിവ്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ജാമ്യഹരജിയിൽ കക്ഷിചേർന്ന നവീന്റെ കുടുംബം ഉന്നയിച്ചത്. പെട്രോൾ പമ്പ് ഇടപാടിൽ ദിവ്യയുടെ സാമ്പത്തിക താൽപര്യം അന്വേഷിക്കണമെന്നും പമ്പ് ബിനാമി ഇടപാടാണെന്നും കുടുംബം വാദിച്ചു. എ.ഡി.എമ്മിനെ ദിവ്യ ഭീഷണിപ്പെടുത്തി. എ.ഡി.എമ്മിനോട് സ്ഥലം സന്ദർശിക്കാൻ നിർദേശിക്കാൻ ജില്ല പഞ്ചായത്ത് അധ്യക്ഷക്ക് അധികാരമില്ല. പെട്രോൾ പമ്പ് അനുമതി ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ പരിധിയിൽ വരുന്നതല്ല. ദിവ്യയുടേത് ആസൂത്രിത നടപടിയാണ്. പമ്പിന് നിയമവിരുദ്ധമായി അനുമതി നൽകാത്ത വൈരാഗ്യമാണ് ദിവ്യക്ക്. എ.ഡി.എമ്മിന് ഉപഹാരം നൽകുന്ന സമയത്ത് അവർ എഴുന്നേറ്റ് പോയത് അപമാനിക്കാനാണെന്നും കുടുംബത്തിനുവേണ്ടി ഹാജരായ അഡ്വ. ജോൺ എഫ്. റാൽഫ് വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.