പി.പി. ദിവ്യക്ക് ജാമ്യം; ‘ജില്ല വിടരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം’
text_fieldsകണ്ണൂർ: മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാവും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് ജാമ്യം. കണ്ണൂർ ജില്ല വിട്ടുപോകരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ആണ് വിധി പറഞ്ഞത്. കേസിൽ അറസ്റ്റിലായ ദിവ്യ നിലവിൽ റിമാൻഡിലാണ്. കേസിൽ ഈ മാസം അഞ്ചിന് വാദം കേൾക്കൽ പൂർത്തിയാക്കിയ ശേഷമാണ് വിധി പറയാൻ ഇന്നേക്ക് മാറ്റിവെച്ചത്.
ഒരാഴ്ചയായി കണ്ണൂർ വനിത ജയിലിൽ കഴിയുന്ന ദിവ്യയെ സംബന്ധിച്ച് നിർണായകമായിരുന്നു കോടതി വിധി. ഇതിന് മുന്നോടിയായി ഇന്നലെ ദിവ്യയെ പാർട്ടി പദവികളിൽ നിന്ന് നീക്കി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചിരുന്നു.
കെ. നവീൻബാബു കൈക്കൂലി കൈപ്പറ്റിയെന്ന് ആവർത്തിക്കുകയാണ് ജാമ്യാപേക്ഷയിൽ നടന്ന വാദത്തിൽ ദിവ്യ ചെയ്തത്. പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തും നവീൻബാബുവും ഫോണിൽ സംസാരിച്ചെന്നും ഇരുവരും കണ്ടുമുട്ടിയതിന് സി.സി.ടി.വി ദ്യശ്യങ്ങൾ ഉണ്ടെന്നുമാണ് വാദത്തിൽ അഭിഭാഷകൻ കെ. വിശ്വൻ ചൂണ്ടിക്കാട്ടിയത്. രണ്ട് മണിക്കൂർ നീണ്ട വാദങ്ങളാണ് ദിവ്യയുടെ അഭിഭാഷകനും പ്രോസിക്യൂഷനും നവീന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ജോൺ എസ്. റാൽഫും തമ്മിൽ നടന്നത്.
എ.ഡി.എം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് പി.പി ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്ന് ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
നവീൻ ബാബുവിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഇത് എ.ഡി.എമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. പ്രതിയുടെ ക്രിമിനൽ മനോഭാവം വെളിവായി. കുറ്റവാസനയോടും ആസൂത്രണത്തോടും കൂടിയാണ് ദിവ്യ എത്തിയത്. ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണെന്ന് ഉൾപ്പെടെ ഗുരുതര ആരോപണങ്ങളും റിപ്പോർട്ടുണ്ട്.
ഉപഹാര വിതരണത്തിൽ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ചിത്രീകരിക്കാൻ മാധ്യമപ്രവർത്തകരെ ഏർപ്പാടാക്കി. കലക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നുവെന്ന് കലക്ടറേറ്റ് ഇൻസ്പെക്ഷൻ വിങ്ങിലെ സീനിയർ ക്ലർക്കിന്‍റെ മൊഴിയിൽ പറയുന്നു.
കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തി. ദിവ്യ അന്വേഷണത്തോട് സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞു. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.