യാത്രയയപ്പിന് എത്തിയത് കലക്ടർ പറഞ്ഞിട്ടെന്ന് പി.പി. ദിവ്യ; തലശ്ശേരി കോടതിയിൽ പുതിയ ജാമ്യഹരജി നൽകി
text_fieldsകണ്ണൂർ: എ.ഡി.എം ആയിരുന്ന നവീൻബാബുവിന്റെ യാത്രയയപ്പിൽ പങ്കെടുത്തത് കലക്ടർ പറഞ്ഞിട്ടാണെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ആവർത്തിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലാണ് ദിവ്യ.
കലക്ടർ പറഞ്ഞിട്ടാണ് യാത്രയയപ്പ് യോഗത്തെ കുറിച്ച് അറിഞ്ഞത്. അഴിമതിക്കെതിരെയാണ് യാത്രയയപ്പ് യോഗത്തിൽ സംസാരിച്ചത്. നല്ല ഉദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നത്. എ.ഡി.എമ്മിന് മനോവേദനയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ഉദ്യോഗസ്ഥതലത്തിലെ അഴിമതി തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യമെന്നും ദിവ്യ അന്വേഷണ സംഘത്തോട് പറഞ്ഞു.
എന്നാൽ കൈക്കൂലി ആരോപണത്തെ കുറിച്ച് ദിവ്യ വ്യക്തമായ മറുപടി നൽകിയില്ല. മൂന്നുമണിക്കൂറാണ് അന്വേഷണ സംഘം ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യങ്ങൾക്കെല്ലാം ദിവ്യ മറുപടി നൽകിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അതിനിടെ, ദിവ്യ പുതിയ ജാമ്യാപേക്ഷയുമായി ഇന്ന് തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചു. കണ്ണൂർ കലക്ടറുടെ മൊഴിയടക്കം ചേർത്താണ് ദിവ്യ പുതിയ ജാമ്യഹരജി സമർപ്പിച്ചിരിക്കുന്നത്. തെറ്റു ചെയ്തുവെന്ന് എ.ഡി.എം പറഞ്ഞുവെന്ന കലക്ടറുടെ മൊഴി അന്വേഷിക്കണമെന്നാണ് ഹരജിയിൽ ദിവ്യ പുതുതായി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശാന്തിനെ സസ്പെൻഡ് ചെയ്ത സർക്കാർ ഉത്തരവ് ശരിവെക്കുന്നു. എന്നാൽ പ്രശാന്തിന്റെ മൊഴി അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയില്ലെന്നും ജാമ്യഹരജിയിൽ ചൂണ്ടിക്കാണിച്ചു.
ഇന്ന് ജാമ്യഹരജി സമർപ്പിച്ചാലും നാളെ കോടതി അവധിയായതിനാൽ വ്യാഴാഴ്ച വാദം കേൾക്കാനാണ് സാധ്യത. ദിവ്യയുടെ ജാമ്യഹരജിയെ എതിർത്ത് നവീന്റെ കുടുംബം കോടതിയിൽ ഹരജി നൽകും. ഇന്ന് ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ ദിവ്യക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.