ദിവ്യയുടെ നടപടികൾ ആസൂത്രിതം; ആത്മഹത്യക്ക് പ്രേരിപ്പിച്ചു, കരുതിക്കൂട്ടി ചെയ്ത പ്രവൃത്തി -ജാമ്യം നിഷേധിച്ച വിധിയിൽ കോടതി
text_fieldsകണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും സി.പി.എം നേതാവുമായ പി.പി. ദിവ്യയുടെ പ്രസംഗം ആസൂത്രിതമായിരുന്നെന്നും ഇത് ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. ദിവ്യക്ക് ജാമ്യം നിഷേധിച്ച് പുറപ്പെടുവിച്ച 38 പേജ് വിധിപ്പകർപ്പിലാണ് കോടതി ഇക്കാര്യങ്ങൾ പറയുന്നത്.
ജില്ല കലക്ടർ അരുൺ കെ. വിജയൻ ക്ഷണിച്ചിട്ടാണ് എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിനെത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളി. പ്രത്യാഘാതം മനസ്സിലായിട്ടും കരുതിക്കൂട്ടി ചെയ്ത പ്രവൃത്തിയാണെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ജാമ്യം നൽകിയാൽ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ഉത്തരവിൽ വ്യക്തമാക്കി.
വഴിയെ പോകുമ്പോൾ ചടങ്ങു കണ്ട് കയറിയതാണെന്ന് ചടങ്ങിൽ ദിവ്യ പറഞ്ഞിരുന്നു. ഈ ഭാഗം ഒഴിവാക്കിയ പ്രസംഗത്തിന്റെ ഭാഗമാണ് പ്രതിഭാഗം ഹാജരാക്കിയതെന്ന് കോടതി കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥനായ ആൾക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശം നടത്തണമെന്ന് മുൻകൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചാണ് ദിവ്യ ചടങ്ങിനെത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
പി.പി. ദിവ്യ ജയിലിലേക്ക്
പൊലീസ് കസ്റ്റഡിയിലെടുത്ത പി.പി. ദിവ്യയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. പള്ളിക്കുന്ന് വനിതാ ജയിലിലാണ് 14 ദിവസം ദിവ്യ കഴിയുക. ആശുപത്രിയുടെ പിൻവാതിലിലൂടെയാണ് ദിവ്യയെ പൊലീസ് വൈദ്യപരിശോധനക്ക് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.